ഇത്തവണത്തെ റെയില്‍വെ ബജറ്റില്‍ മന്ത്രി മമത ബാനര്‍ജി കേരളത്തോട് പ്രത്യേകമമത കാണിച്ചു. പുതുതായി 12 ട്രെയിനുകളാണ് കേരളത്തിന് അനുവദിച്ചിരിക്കുന്നത്. പുതുതായി അവതരിപ്പിച്ച സ്റ്റുഡന്റ് എക്‌സ്പ്രസിലും ഒരെണ്ണം കേരളത്തിന് ലഭിച്ചു. ചെന്നൈ-പോണ്ടിച്ചേരി-തിരുവനന്തപുരം റൂട്ടിലായിരിക്കും ഈ പുതിയ തീവണ്ടി സര്‍വീസ് നടത്തുക.
പുതുതായി അനുവദിച്ച മെമു സര്‍വീസുകളില്‍ രണ്ടെണ്ണവും കേരളത്തിന് കിട്ടി. എറണാകുളം-ആലപ്പുഴ-കൊല്ലം റൂട്ടിലും കൊല്ലം-നാഗര്‍കോവില്‍ റൂട്ടിലുമായിരിക്കും ഈ വണ്ടികള്‍ ഓടുക. സ്വാമി വിവേകാനന്ദന്റെ സ്മരണയ്ക്കായി വിവേകാനന്ദ എക്‌സ്പ്രസ് എന്ന പേരിലും പുതിയ ട്രെയിന്‍ സര്‍വീസ് നടത്തും. ഇത് ആസാമിലെ ദിബ്രുഗറില്‍ നിന്ന് തുടങ്ങി തിരുവനന്തപുരം വഴി കന്യാകുമാരിയിലേക്കാണ് ഓടുക.
കേരളത്തിന് ലഭിച്ച പുതിയ തീവണ്ടികള്‍ ഇവയാണ്. ചെന്നൈ-തിരുവന്തപുരം തുരന്തോ, ഭാവ്‌നഗര്‍-കൊച്ചുവേളി എക്‌സ്പ്രസ്(കൊങ്കണ്‍ വഴി), നിലമ്പൂര്‍-തിരുവനന്തപുരം ലിങ്ക് എക്‌സ്പ്രസ്, ദിബ്രുഗഡ്-തിരുവന്തപുരം-കന്യാകുമാരി എക്‌സ്പ്രസ്, ബിലാസ്പൂര്‍-എറണാകുളം സൂപ്പര്‍ ഫാസ്റ്റ്, പോര്‍ബന്തര്‍-കൊച്ചുവേളി എക്‌സ്പ്രസ്, എറണാകുളം-ബാംഗ്ലൂര്‍ ഇന്റര്‍സിറ്റി എക്‌സ്പ്രസ്, ചെന്നൈ - പോണ്ടിച്ചേരി -എറണാകുളം സ്റ്റുഡന്റ് എക്‌സ്പ്രസ്, മംഗലാപുരം-പാലക്കാട് ഇന്റര്‍സിറ്റി, ഹൗറ-മംഗലാപുരം എക്‌സ്പ്രസ്(പാലക്കാട് വഴി), എറണാകുളം-ആലപ്പുഴ-കൊല്ലം മെമ്മു സര്‍വീസ്, കൊല്ലം-നാഗര്‍കോവില്‍ മെമ്മു സര്‍വീസ്‍.
പാലക്കാട് കോച്ച് ഫാക്‌ടറി നിര്‍മാണം ഉടന്‍ തുടങ്ങുമെന്ന് ബജറ്റ് അവതരണത്തിന്റെ ആദ്യഘട്ടത്തില്‍ തന്നെ വ്യക്തമാക്കിയിരുന്നു. ചേര്‍ത്തലയില്‍ വാഗണ്‍ നിര്‍മാണ ഫാക്ടറിയും ബജറ്റില്‍ പ്രഖ്യാപിച്ചിട്ടുണ്ട്. അതേസമയം, ഓണ്‍ലൈന്‍ ടിക്കറ്റ് ബുക്കിംഗ് നിരക്കുകള്‍ കുറച്ചു. എ സിയുടേത് 20ല്‍നിന്ന് 10 രൂപയാക്കുകയും മറ്റ് ടിക്കറ്റുകള്‍ക്ക് 10ല്‍നിന്ന് 5 രൂപയുമാക്കി കുറയ്ക്കുകയും ചെയ്തു.
കോട്ടയത്തും തിരുവനന്തപുരം നേമത്തും പുതിയ പാസഞ്ചര്‍ ടെര്‍മിനലുകള്‍ സ്ഥാപിക്കും. ചരിത്രപ്രധാന കേന്ദ്രങ്ങളേയും വിദ്യാഭ്യാസ സ്ഥാപനങ്ങളേയും ബന്ധിപ്പിച്ചുകൊണ്ട് ജന്മഭൂമി ഗൗരവ് എന്ന പേരില്‍ നാല് ടൂറിസ്റ്റ് ട്രെയിനുകള്‍ ബജറ്റില്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ഇതില്‍ ഒരെണ്ണം കേരളത്തിന് പ്രയോജനപ്രദമാണ്.
ചെന്നൈ-പുതുശ്ശേരി-തിരുച്ചിറപ്പള്ളി-മധുരൈ-കന്യാകുമാരി-തിരുവനന്തപുരം-എറണാകുളം-ചെന്നൈ റൂട്ടിലായിരിക്കും ഇത് ഓടുക. നാഗര്‍കോവില്‍-തിരുവനന്തപുരം ട്രെയിന്‍ കൊച്ചുവേളി വരെ നീട്ടി. ഷൊര്‍ണൂര്‍-എറണാകുളം റൂട്ടില്‍ ആഴ്ചയില്‍ ആറുദിവസം ഓടിയിരുന്ന പാസഞ്ചര്‍ ദിവസേനയാക്കി. പാലക്കാട്-പൊള്ളാച്ചി ഗേജ്മാറ്റം ഈ വര്‍ഷം പൂര്‍ത്തിയാക്കും.
മാവേലിക്കര-ചെങ്ങന്നൂര്‍, കായംകുളം-ഹരിപ്പാട് പാതയിരട്ടിപ്പിക്കല്‍ ഈ വര്‍ഷം പൂര്‍ത്തിയാക്കും. മധുര-കോട്ടയം, എരുമേലി-പുനലൂര്‍-തിരുവനന്തപുരം, മധു-എറണാകുളം പാതയുടെ സര്‍വെ നടപടികള്‍ ഈ വര്‍ഷം പൂര്‍ത്തീകരിക്കും
തകഴി-തിരുവല്ല, കണ്ണൂര്‍-മട്ടന്നൂര്‍, തിരുവല്ല-റാന്നി-പമ്പ, കോഴിക്കോട്-ബേപ്പൂര്‍, നഞ്ചന്‍കോഡ്-നിലമ്പൂര്‍, തലശ്ശേരി-മൈസൂര്‍ എന്നിവിടങ്ങളില്‍ പുതിയ പാതയ്ക്ക് നിര്‍ദ്ദേശം ലഭിച്ചു. പാതയിരട്ടിപ്പിക്കലില്‍ പോത്തന്നൂര്‍-പാലക്കാട് മൂന്നാം പാതയ്ക്കും, എറണാകുളം-ഷൊര്‍ണൂര്‍ നാലാം പാതയ്ക്കും ബജറ്റില്‍ പ്രഖ്യാപനമുണ്ട്.
ടൂറിസം സാധ്യതക്കായി പൊതു-സ്വകാര്യ പങ്കാളിത്തത്തോടെ തുടങ്ങുന്ന പദ്ധതിയില്‍ തിരുവനന്തപുരം സ്റ്റേഷനും ഉള്‍പ്പെടും. ശബരിപാതയ്ക്ക് 83 കോടി ബജറ്റ് നീക്കിവെച്ചപ്പോള്‍ തിരുനാവായ-ഗുരുവായൂര്‍ പാതയ്ക്ക് 6.6 കോടിയാണ് നീക്കിവെച്ചിരിക്കുന്നത്. കൊച്ചുവേളിയിലെ രണ്ടാം ടെര്‍മിനലിന് 27 ലക്ഷവും വകയിരുത്തിയിട്ടുണ്ട്.