കുഞ്ഞാലിക്കുട്ടി കുറ്റസമ്മതം നിഷേധിക്കുന്നു

കോഴിക്കോട്| WEBDUNIA|
WD
മുസ്ലീം ലീഗ് ജനറല്‍ സെക്രട്ടറി കുഞ്ഞാലിക്കുട്ടി താന്‍ നടത്തിയ വിവാദമായ കുറ്റസമ്മതം നിഷേധിക്കുന്നു. റൌഫിനെ കുറിച്ച് പത്ത് വര്‍ഷം മുമ്പ് വെളിപ്പെടുത്തല്‍ നടത്തേണ്ടതായിരുന്നു എന്നാണ് താന്‍ കുറ്റസമ്മതം നടത്തിയത്. ജനങ്ങള്‍ക്ക് വേണ്ടി ചെലവഴിക്കേണ്ട സമയം ദുരുപയോഗം ചെയ്തു എന്നാണ് ഉദ്ദേശിച്ചത് എന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

കഴിഞ്ഞ ദിവസം നടത്തിയ മാധ്യമ സമ്മേളനത്തില്‍ താന്‍ അധികാരത്തിലിരിക്കുമ്പോള്‍ ബ്ലാക്‍മെയിലിനു വഴങ്ങി റൌഫിനും മറ്റും വഴിവിട്ട പലസഹായങ്ങളും ചെയ്തിട്ടുണ്ട് എന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞിരുന്നു. ഇനി ബ്ലാക്‍മെയില്‍ ചെയ്താലും കൊന്നാലും അത്തരത്തില്‍ പ്രവര്‍ത്തിക്കില്ല എന്നും അദ്ദേഹം പറഞ്ഞിരുന്നു.

തന്‍റെ ഭാര്യയുടെ സഹോദരീ ഭര്‍ത്താവായ കെ എ റൌഫ് മൂലം പലരും ആത്‌മഹത്യ ചെയ്തിട്ടുണ്ട്. എന്നാല്‍, പേരുകളൊന്നും വെളിപ്പെടുത്താന്‍ താന്‍ തയ്യാറല്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

റൌഫ് പറയുന്നതെല്ലാം കളവാണ്. ഐസ് ക്രീം പാര്‍ലര്‍ കേസ് റൌഫിന്‍റെ സൃഷ്ടിയാണ്. എന്‍റെ പേര് ദുരുപയോഗം ചെയ്യാന്‍ അയാള്‍ ശ്രമിച്ചു. ഞാന്‍ എം കെ മുനീറിനെതിരെ പ്രവര്‍ത്തിച്ചു എന്ന ആരോപണം അന്യായവും പച്ചക്കള്ളവുമാണ്. ഐ എന്‍ എല്‍ സെക്യുലര്‍ ആണ് റൌഫിന് പിന്നില്‍. ഐസ് ക്രീം പാര്‍ലര്‍ കേസ് പുനരന്വേഷണം നടത്തുന്നതിന് ഞാന്‍ എതിരല്ല. റൌഫിനെതിരെ അന്യ സംസ്ഥാനങ്ങളില്‍ ദേശവിരുദ്ധ പ്രവര്‍ത്തനത്തിന് കേസുകളുണ്ട്.

മലബാര്‍ സിമന്‍റ്സുമായി ബന്ധപ്പെട്ട് തനിക്കെതിരെ ആരോപണമുന്നയിച്ച കെ ടി ജലീല്‍ മറുപടി അര്‍ഹിക്കുന്നില്ലെന്നും വിവാദ വ്യവസായി ചാക്ക് രാധാകൃഷ്ണനുമായി തനിക്ക് ബന്ധമൊന്നുമില്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :