ഫോര്‍ട്ട് മേഖലയില്‍ സമഗ്ര ടൂറിസം വികസനപദ്ധതി ഉടന്‍- വിഎസ് ശിവകുമാര്‍
തിരുവനന്തപുരം|
WEBDUNIA|
Last Modified വ്യാഴം, 30 ജനുവരി 2014 (17:02 IST)
തലസ്ഥാന നഗരിയിലെ കിഴക്കേകോട്ട ഉള്‍പ്പെടുന്ന ഫോര്‍ട്ട് മേഖലയില്‍ സമഗ്ര ടൂറിസം വികസനപദ്ധതി ഉടന്‍ ആവിഷ്‌ക്കരിച്ചു നടപ്പിലാക്കുമെന്ന് സ്ഥലം എംഎല്‍എ കൂടിയായ മന്ത്രി വിഎസ് ശിവകുമാര്‍ അറിയിച്ചു.
മെഗാ ടൂറിസ്റ്റ് ഫെസിലിറ്റേഷന്‍ സെന്ററിന്റെ നിര്‍മ്മാണം, വാഹനപാര്‍ക്കിംഗ് സൗകര്യ വിപുലീകരണം, ഇടറോഡുകളുടെയും ശ്രീചിത്തിര തിരുനാള്‍ പാര്‍ക്കിന്റെയും നാല് കുളങ്ങളുടെയും നവീകരണം, തെക്കിനിക്കര കനാലിന്റെ പുനരുദ്ധാരണം, മേഖലാ സൗന്ദര്യവത്ക്കരണം, പൈതൃകസ്വത്ത് സംരക്ഷണം എന്നിവ ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ള ബൃഹത് പദ്ധതിയാണ് നടപ്പിലാക്കുക.
മന്ത്രി വി.എസ്. ശിവകുമാറിന്റെ ആവശ്യം പരിഗണിച്ച് ടൂറിസം മന്ത്രി എ.പി. അനില്‍ കുമാറിന്റെ സാന്നിധ്യത്തില്‍ നിയമസഭാ മന്ദിരത്തില്‍ വിളിച്ചുചേര്‍ത്ത യോഗത്തിലാണ് ഇതു സംബന്ധിച്ച തീരുമാനമുണ്ടായത്. വിശദമായ പദ്ധതി റിപ്പോര്‍ട്ട് രണ്ട് മാസത്തിനകം തയ്യാറാക്കി സമര്‍പ്പിക്കുവാന്‍ കണ്‍സള്‍ട്ടന്‍സിയെ നിയമിക്കും. ശ്രീപത്മനാഭ സ്വാമി ക്ഷേത്രം അധികൃതര്‍, കൊട്ടാരം ഭാരവാഹികള്‍, വിവിധ ശാസ്ത്ര- സാങ്കേതിക ഏജന്‍സികള്‍ മുതലായവരുടെ നിര്‍ദ്ദേശങ്ങള്‍ പരിഗണിച്ചുകൊണ്ടാണ് പദ്ധതി റിപ്പോര്‍ട്ട് തയ്യാറാക്കുക.
ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിലും ആറ്റുകാല്‍ ക്ഷേത്രത്തിലുമെത്തുന്ന ശബരിമല തീര്‍ത്ഥാടകര്‍ ഉള്‍പ്പെടെയുള്ള ആയിരക്കണക്കിന് ഭക്തജനങ്ങള്‍ക്കും പ്രദേശവാസികള്‍ക്കും ഈ പദ്ധതി വളരെയേറെ പ്രയോജനപ്പെടുമെന്ന് മന്ത്രി വി.എസ്. ശിവകുമാര്‍ പറഞ്ഞു. യോഗത്തില്‍ മന്ത്രിമാര്‍ക്കുപുറമേ, ട്രിഡ ചെയര്‍മാന്‍ പി.കെ. വേണുഗോപാല്‍, ജില്ലാ കളക്ടര്‍ കെ.എന്‍. സതീഷ്, കെ.എസ്.ആര്‍.ടി.സി മാനേജിംഗ് ഡയറക്ടര്‍ കെ.ജി. മോഹന്‍ലാല്‍, ആര്‍ക്കിയോളജി, ആര്‍ക്കൈവ്‌സ് വകുപ്പുകളുടെ ഡയറക്ടര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.