പ്ലാന്‍ ഫണ്ട് ചെലവഴിക്കുന്നതില്‍ കൂടുതല്‍ ശ്രദ്ധ പുലര്‍ത്തണം: കെ ബാബു

കൊച്ചി| WEBDUNIA| Last Modified ചൊവ്വ, 21 മെയ് 2013 (15:11 IST)
PRO
PRO
പ്ലാന്‍ ഫണ്ട് ചെലവഴിക്കുന്നതില്‍ തദ്ദേശ സ്ഥാപനങ്ങള്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്ന് ഫിഷറീസ് മന്ത്രി കെ ബാബു പറഞ്ഞു. ദീര്‍ഘ വീക്ഷണമില്ലാതെയും ശ്രദ്ധയില്ലാതെയുമാണ് ചില പഞ്ചായത്തുകള്‍ പ്ലാന്‍ ഫണ്ട് വിനിയോഗിക്കുന്നത്. ഇത് ഒഴിവാക്കി പ്ലാന്‍ ഫണ്ട് പൂര്ണമായും വിനിയോഗിക്കാന്‍ ശ്രമിക്കണമെന്നും മന്ത്രി പറഞ്ഞു.

ജില്ല പഞ്ചായത്ത് ഓഫീസ് മന്ദിരത്തിന് 'മഹാബലി ചക്രവര്‍ത്തിയുടെ രാജധാനി' എന്ന നാമകരണം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. പഞ്ചായത്തുകള്ക്കും ഉദ്യോഗസ്ഥര്‍ക്കും കൂടുതല്‍ അധികാരം നല്കിയെങ്കിലും അത് ഫലപ്രദമായി വിനിയോഗിക്കാന്‍ അവര്‍ തയാറാകുന്നില്ല. ഉത്തരവാദിത്തങ്ങളില്‍ നിന്നും ഒഴിഞ്ഞു മാറാനാണ് ഉദ്യോഗസ്ഥര്‍ ശ്രമിക്കുന്നത്. പദ്ധതികള്‍ ആസൂത്രണം ചെയ്താല്‍ അത് നടപ്പാക്കാനുള്ള എല്ല സ്വാതന്ത്ര്യവും സര്ക്കാര്‍ നല്കുന്നുണ്ട്. തദ്ദേശ സ്ഥാപനങ്ങള്ക്ക് അനുവദിച്ചിട്ടുള്ള പ്ലാന്‍ ഫണ്ട് സമയബന്ധിതമായി വിനിയോഗിച്ച് വികസനത്തിന് വേഗം കൂട്ടണമെന്നും കെ ബാബു കൂട്ടിച്ചേര്ത്തു .

കാര്‍ഷിക, വ്യവസായ, ഐ ടി മേഖലകളില്‍ മുന്നിട്ടു നില്കുന്ന എറണാകുളം ജില്ല പ്ലാന്‍ ഫണ്ട് വിനിയോഗത്തിലും മാതൃകയാണെന്ന് ജില്ല പഞ്ചായത്തിന്റെ നവീകരിച്ച ഓഫീസ് മന്ദിരം ഉദ്ഘാടനം ചെയ്ത് കേന്ദ്ര ഭക്‌ഷ്യ മന്ത്രി പ്രൊഫ.കെവിതോമസ് പറഞ്ഞു. സംസ്ഥാനത്തിന്റെ 70 ശതമാനവും നികുതി നല്കുന്നത് എറണാകുളം ജില്ലയാണെന്നും മന്ത്രി പറഞ്ഞു. ഒരു കോടി രൂപ ചെലവഴിച്ചാണ് ജില്ല പഞ്ചായത്ത് ആധുനികവത്കരിച്ചിരിക്കുന്നത്. സന്ദര്‍ശകര്‍ക്കായി ഇരു നിലകളിലും പ്രത്യേക ലോബികള്‍ ഒരുക്കിയിട്ടുണ്ട്. കോണ്‍ഫറന്‍സ് ഹാളുകളും ഓഫീസ് മുറികളും ആധുനിക സൗകര്യങ്ങളോടെയാണ് നിര്മ്മിച്ചിരിക്കുന്നത്. ലിഫ്റ്റും സ്ഥാപിച്ചു. ജില്ലാ പഞ്ചായത്ത് മന്ദിരത്തോട് ചേര്‍ന്നുള്ള പ്രിയദര്‍ശിനി ഹാള്‍ സീലിംഗ് ചെയ്ത് മനോഹരമാക്കി. പഴയ ഫാനുകള്‍ക്ക് പകരം പുതിയ ഫാനുകള്‍ ഘടിപ്പിക്കുകയും ജില്ലാ പഞ്ചായത്ത് കാന്റീന്‍ കെട്ടിടം വികസിപ്പിക്കുകയും ചെയ്തിട്ടുണ്ട്. ജില്ലാ പഞ്ചായത്ത് കെട്ടിട സമുച്ചയത്തിനു മുന്നിലായി പുല്‍ത്തകിടിയും വൃക്ഷത്തൈകളും നട്ടുപിടിപ്പിച്ചു.

വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതിന് പ്രത്യേക പാര്‍ക്കിംഗ് സ്ഥലം സജ്ജമാക്കിയിട്ടുണ്ട്. ജില്ലാ പഞ്ചായത്ത് പ്രിയദര്‍ശിനി ഹാളില്‍ നടന്ന ചടങ്ങില്‍ ജില്ല പഞ്ചായത്ത് പ്രസിഡന്റ് എല്ദോസ് കുന്നപ്പിള്ളി അധ്യക്ഷത വഹിച്ചു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :