പ്രതാപവര്‍മ തമ്പാനെ മാറ്റി, പകരം സത്യശീലന്‍

കൊല്ലം| Last Updated: ചൊവ്വ, 22 ജൂലൈ 2014 (21:27 IST)
കൊല്ലം ഡി സി സി അധ്യക്ഷ സ്ഥാനത്തുനിന്ന് ജി പ്രതാപവര്‍മ തമ്പാനെ മാറ്റി. വി സത്യശീലനെ പുതിയ അധ്യക്ഷനായി നിയമിച്ചു. എ ഐ സി സി നേരിട്ടാണ് തമ്പാനെ മാറ്റിക്കൊണ്ടുള്ള തീരുമാനമെടുത്തത്.

കൊല്ലത്തെ കോണ്‍ഗ്രസിലെ പ്രശ്നങ്ങള്‍ക്ക് കാരണം പ്രതാപവര്‍മ തമ്പാന്‍റെ നടപടികളാണെന്ന എം എം ഹസന്‍ കമ്മിറ്റിയുടെ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലാണ് എ ഐ സി സി ഈ തീരുമാനമെടുത്തത്. കൊല്ലത്തെ സംഘടനാപ്രശ്നങ്ങള്‍ ഗുരുതരമായി തുടരുന്ന സ്ഥിതി ഇനി അനുവദിക്കാനാവില്ലെന്ന് നേരത്തേ തന്നെ കോണ്‍ഗ്രസ് നേതൃത്വം അറിയിച്ചിരുന്നു. കേരളത്തിന്‍റെ ചുമതലയുള്ള മുകുള്‍ വാസ്നിക് ആണ് തമ്പാനെ മാറ്റിക്കൊണ്ടുള്ള തീരുമാനം അറിയിച്ചിരിക്കുന്നത്.

എന്നാല്‍ തന്നെ ഡി സി സി അധ്യക്ഷസ്ഥാനത്തുനിന്ന് മാറ്റിയിട്ടില്ലെന്ന് പ്രതാപവര്‍മ തമ്പാന്‍ പ്രതികരിച്ചു.

മുതിര്‍ന്ന നേതാക്കളോടും സഹഭാരവാഹികളോടുമുള്ള തമ്പാന്‍റെ പെരുമാറ്റം മോശമായ രീതിയിലാണെന്ന് എം എം ഹസന്‍റെ അധ്യക്ഷതയിലുള്ള മൂന്നംഗ സമിതി നേതൃത്വത്തിന് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. പ്രതാപവര്‍മ തമ്പാന്‍ അധ്യക്ഷസ്ഥാനത്ത് തുടര്‍ന്നാല്‍ വരുന്ന തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്ക് വന്‍ തിരിച്ചടിയുണ്ടാകുമെന്നും റിപ്പോര്‍ട്ടിലുണ്ടായിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :