പ്രണയാഭ്യര്‍ത്ഥന നിരസിച്ച പെണ്‍കുട്ടിയെ യുവാവ് കാറിടിച്ച് വീഴ്ത്തി, 5 പേര്‍ക്ക് ഗുരുതര പരിക്ക്, കാറുപേക്ഷിച്ച് പ്രതി കടന്നു

പെണ്‍കുട്ടി, പ്രണയം, കാര്‍, ഷിബിന്‍, തൃശൂര്‍, അപകടം
തൃശൂര്‍| Last Modified ചൊവ്വ, 14 ഏപ്രില്‍ 2015 (17:43 IST)
തൃശൂരിലെ അരിമ്പൂരില്‍ പെണ്‍കുട്ടിയെ കാറിടിച്ച് കൊലപ്പെടുത്താന്‍ യുവാവിന്‍റെ ശ്രമം. പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിന്‍റെ പ്രതികാരമായാണ് ഷിബിന്‍ എന്ന യുവാവ് പെണ്‍കുട്ടിയെ കാറിടിച്ച് വീഴ്ത്തിയത്. പെണ്‍കുട്ടിയെ രക്ഷിക്കാന്‍ ശ്രമിച്ച മൂന്ന് സ്ത്രീകള്‍ക്കും ഒരു വിദ്യാര്‍ത്ഥിക്കും ഗുരുതരമായി പരുക്കേറ്റു. പെണ്‍കുട്ടിയും ഗുരുതരാവസ്ഥയിലാണ്.

ചൊവ്വാഴ്ച രാവിലെ പത്തുമണിയോടെയാണ് സംഭവം. ഇതിന് ശേഷം കാര്‍ നിര്‍ത്താതെ പോയ ഷിബിന്‍ പാലയ്ക്കലില്‍ ഒരു പാടത്തിനരികില്‍ കാര്‍ ഉപേക്ഷിച്ച് കടന്നുകളഞ്ഞു. ഷിബിന്‍റെ ബന്ധുവിന്‍റെ വീടിനടുത്തുള്ള പാടത്തിന് സമീപമാണ് കാര്‍ ഉപേക്ഷിച്ചിരിക്കുന്നത്. കാര്‍ അപകടത്തില്‍ പെട്ടെന്നും അതിനാല്‍ ഇവിടെ ഇടുകയാണെന്നും പറഞ്ഞാണ് ഷിബിന്‍ പോയതെന്ന് ബന്ധുക്കള്‍ അറിയിച്ചു.

പെണ്‍‌കുട്ടി ക്ഷേത്രദര്‍ശനം കഴിഞ്ഞുവരുമ്പോഴാണ് ഷിബിന്‍ കാറിടിപ്പിച്ച് കൊലപ്പെടുത്താന്‍ ശ്രമം നടത്തിയത്. ഇരിങ്ങാലക്കുട ഡി വൈ എസ് പിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് കേസ് അന്വേഷിക്കുന്നത്.

ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ സ്വിഫ്റ്റ് കാറില്‍ അപകടം നടന്നതിന്‍റെ ലക്ഷണങ്ങള്‍ പ്രകടമാണ്. കാര്‍ കണ്ടെത്തിയതോടെ പ്രതിയെ വേഗം പിടികൂടാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് പൊലീസ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :