മുത്തൂറ്റ് പോള്‍ എം ജോര്‍ജ് വധക്കേസില്‍ പ്രതികളായ ഓംപ്രകാശിനേയും പുത്തന്‍പാലം രാജേഷിനേയും കൊച്ചിയില്‍ കൊണ്ടു വന്നു തെളിവെടുത്തു. കൊച്ചിയിലെ ഹോട്ടലിലും തേവരയിലെ പോളിന്റെ ഫ്ലാറ്റിലും കൊണ്ടുവന്നാണ് തെളിവെടുപ്പ് നടത്തിയത്. പോളിനെ പരിചയപ്പെടുന്നത് ഒരുവര്‍ഷം മുന്‍പാണെന്ന് ഓംപ്രകാശ് പൊലീസിനോട് പറഞ്ഞു. ഒരു സുഹൃത്തുമുഖേനയാണ് പോളിനെ പരിചയപ്പെട്ടത്.
പോളുമായി റിയല്‍ എസ്റ്റേറ്റ്, ബിസിനസ് ബന്ധങ്ങളില്ലെന്നും ഓം പ്രകാശ് ചോദ്യം ചെയ്യലില്‍ വ്യക്തമാക്കി. പലിശക്ക് പണം കൊടുക്കലും വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ അഡ്മിഷന്‍ ശരിയാക്കലുമാണ് തന്റെ വരുമാനമാര്‍ഗം. ഒരുമാസം ഏകദേശം ഒരുലക്ഷം രൂപയോളം തനിക്ക് വരുമാനമുണ്ട്. പോളുമായി സുഹൃദ്ബന്ധം മാത്രമേയുള്ളൂവെന്നും ഓം പ്രകാശ് പറഞ്ഞു.
മുത്തൂറ്റ് കമ്പനിയ്ക്ക് വേണ്ടി റിസോര്‍ട്ട് പണിയാന്‍ മഹാരാഷ്ട്രയിലും ഗുജറാത്തിലും ഭൂമി വാങ്ങാന്‍ തന്നെ ചുമതലപ്പെടുത്തിയിരുന്നു. ചിലസ്ഥലങ്ങള്‍ പോയി കാണുകയും ചെയ്‌തു. ഇടപാട് നടന്നിരുന്നെങ്കില്‍ ഒരു കോടി രൂപ തനിക്ക് കമ്മിഷന്‍ ലഭിക്കുമായിരുന്നുവെന്നും ഓംപ്രകാശ് നല്‍കിയ മൊഴിയിലുണ്ട്.
പോള്‍ ആക്രമിക്കപ്പെട്ടപ്പോള്‍ പൊലീസിനെ ഭയന്നാണ് സംഭവസ്ഥലത്തു നിന്ന് രക്ഷപ്പെട്ടത്. കഴക്കൂട്ടത്ത് സുഹൃത്തിന്റെ വീട്ടിലാണ് ആദ്യം എത്തിയത്. അവിടെ വെച്ച്, പുലര്‍ച്ചയാണ് പോള്‍ എം ജോര്‍ജ് കൊല്ലപ്പെട്ടെന്ന് അറിഞ്ഞത്. തുടര്‍ന്ന് തിരുനെല്‍വേലിക്ക് പോയി. അവിടെ ഒരു ഫാം ഹൗസില്‍ തങ്ങി. പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചതിനെ തുടര്‍ന്ന് മധുരയിലേക്കും അവിടെ നിന്ന് ഡല്‍ഹിയിലേക്കും പോവുകയായിരുന്നു. എന്നാല്‍ പൊലീസിന്റെ സമ്മര്‍ദ്ദത്തെ തുടര്‍ന്ന് തിരുനെല്‍വേലി കോടതിയില്‍ ഹാജരാവുകയായിരുന്നുവെന്നും ഓംപ്രകാശ് മൊഴി നല്‍കി.
കൊച്ചിയിലെ തെളിവെടുപ്പിനുശേഷം രണ്ട് പ്രതികളെയും തെളിവെടുപ്പിനായി ആലപ്പുഴയിലേക്ക് കൊണ്ടു പോയി. കൊച്ചി പോലീസ് ക്ലബ്ബിലാണ് ഇരുവരേയും ചോദ്യം ചെയ്തത്. കേസില്‍ ഇരുവരേയും ചോദ്യം ചെയ്യുന്നതിനായി ഇന്നലെയാണ് പോലീസ് കസ്റ്റഡിയില്‍ വാങ്ങിയത്. ഐ ജി വിന്‍സണ്‍ എം പോളിന്‍റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം ഇന്നലെ രാത്രി വൈകുംവരെ ഇവരെ ചോദ്യം ചെയ്തിരുന്നു. ഇന്നലെ രാമങ്കരി ജുഡീഷ്യല്‍ ഫസ്റ്റ്‌ക്ലാസ് മജിസ്‌ട്രേട്ട് കോടതിയില്‍ ഹാജരാക്കിയ പ്രതികളെ സെപ്റ്റംബര്‍ 21 വരെ പോലീസ് കസ്റ്റഡിയില്‍ വിടാന്‍ കോടതി ഉത്തരവിട്ടിരുന്നു. ഇവര്‍ക്കുവേണ്ടി സമര്‍പ്പിച്ച ജാമ്യാപേക്ഷയില്‍ വാദംകേട്ട കോടതി 17ന് ഉത്തരവ് പറയും.