പൊലീസുകാരില്‍ ക്രിമിനലുകള്‍ ഉണ്ടെന്നും അവരെ ഉന്നത ഉദ്യോഗസ്ഥര്‍ സംരക്ഷിക്കുകയാണെന്നും ഹൈക്കോടതി. സാധാരണക്കാര്‍ക്കെതിരായ പൊലീസ് അതിക്രമങ്ങള്‍ വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തില്‍ ഇക്കാര്യത്തില്‍ ജാഗ്രത പുലര്‍ത്തണമെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി. പൊലീസ് സേനയില്‍ ക്രിമിനല്‍ പശ്ചാത്തലമുള്ളവരെ നിയമിക്കണമോ എന്ന കാര്യം സര്‍ക്കാര്‍ ഗൗരവത്തോടെ കാണണമെന്ന് ഹൈക്കോടതി പറഞ്ഞു.
മുളന്തുരുത്തിയില്‍ രണ്ട് വിദ്യാര്‍ത്ഥികള്‍ പൊലീസ് കാര്‍ ഇടിച്ച് മരിച്ച സംഭവം കോടതി ഉദാഹരിക്കുകയും ചെയ്തു. വിദ്യാര്‍ത്ഥികളെ കാര്‍ ഇടിച്ച് കൊലപ്പെടുത്തിയ ശേഷം പോലീസ് കാര്‍ കടന്നുകളയുകയായിരുന്നു എന്നും ജസ്റ്റിസ് സിരിജഗന്‍ ചൂണ്ടിക്കാട്ടി.
പി എസ് സി റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടും ക്രിമിനല്‍ കേസുള്ളതിനാല്‍ പരിശീലനത്തിന് വിളിക്കാത്തതിനെതിരെ രണ്ട് ഉദ്യോഗാര്‍ത്ഥികള്‍ നല്‍കിയ ഹര്‍ജികള്‍ പരിഗണിക്കുമ്പോഴായിരുന്നു ഹൈക്കോടതിയുടെ ഈ പരാമര്‍ശങ്ങള്‍.