പൊന്‍മുടിയുടെ സൗന്ദര്യം നുകരാന്‍ ഇനി പുതിയ നടപ്പാതകള്‍

തിരുവനന്തപുരം| WEBDUNIA| Last Modified വ്യാഴം, 12 ഡിസം‌ബര്‍ 2013 (16:19 IST)
PRO
ജില്ലയിലെ പ്രധാന ടൂറിസം കേന്ദ്രമായ പൊന്‍മുടിയിലെത്തുന്ന വിനോദസഞ്ചാരികള്‍ക്ക് വനം വകുപ്പ് നിര്‍മ്മിച്ച പുതിയ നടപ്പാതകള്‍ ഇനി പുത്തന്‍ യാത്രാനുഭവം ഒരുക്കും. രണ്ട് കിലോമീറ്റര്‍ ദൂരത്തില്‍ നിര്‍മ്മിച്ച കമ്പിമൂട്-മരുതാമല, പൊന്‍മുടി-മണ്ണാമൂല ട്രക്ക്പാത്തുകളും ഒരു കിലോമീറ്റര്‍ ദൂരത്തിലെ പൊന്‍മുടി-സീതക്കുളം ട്രക്ക്പാത്തുമാവും ടൂറിസ്റ്റുകള്‍ക്ക് ഇനി പുത്തന്‍ അനുഭവം പകരുക.

കാട്ടുകല്ലുകളും, സ്റ്റെപ്പുകളും ഉള്‍പ്പെടുത്തി നിര്‍മ്മിച്ച പുതിയ പാതകള്‍ കാടിന്റെ വന്യതയിലേയ്ക്കുളള യാത്ര കൂടുതല്‍ ആസ്വാദ്യകരമാക്കും. 20 പേര്‍ ഉള്‍പ്പെട്ട ടീമില്‍ 10 പേര്‍ക്ക് 400 രൂപയും അധികമായുളള ഓരോരുത്തര്‍ക്ക് 50 രൂപയുമാണ് ടിക്കറ്റ് നിരക്കുകള്‍. ഇവര്‍ക്കായി ഒരു ഗൈഡിന്റെ സേവനവും ലഭ്യമാണ്. ട്രക്ക്പാത്തുകള്‍ക്കൊപ്പം വനംവകുപ്പിന്റെ വനശ്രീ വിപണനകേന്ദ്രവും പൊന്‍മുടി അമിനിറ്റി സെന്ററില്‍ പ്രവര്‍ത്തമാരംഭിച്ചു കഴിഞ്ഞു.

പ്രകൃതി വിഭവങ്ങളായ കസ്തൂരിമഞ്ഞള്‍, തേന്‍, കുന്തിരിക്കം എന്നിവയ്‌ക്കൊപ്പം അപൂര്‍വകൂട്ടുകളുളള ദന്തപാല എണ്ണ, അഗസ്ത്യാര്‍ എണ്ണ, ചന്ദനതൈലം തുടങ്ങിയവും കേന്ദ്രത്തില്‍ ലഭ്യമാണ്. പുതിയ വനശ്രീ യൂണിറ്റ് പ്രവത്തനമാരംഭിച്ച് മൂന്ന് ദിവസങ്ങള്‍ പിന്നിടുമ്പോള്‍ ഇരുപതിനായിരത്തോളമാണ് ഇവിടത്തെ വിറ്റുവരവ്. പൊന്‍മുടിയിലെ പുതിയ നടപ്പാതകള്‍ക്കൊപ്പം വനശ്രീ-കഫറ്റീരിയ സൗകര്യങ്ങള്‍ പൊന്‍മുടി അമിനിറ്റി സെന്ററില്‍ ഉള്‍പ്പെടുത്തിയ ശേഷം ടൂറിസ്റ്റുകളുടെ വരവിലും വര്‍ദ്ധനവുണ്ട്.

കൂടുതല്‍ സൗകര്യങ്ങള്‍ അമിനിറ്റി സെന്ററില്‍ ഉള്‍പ്പെടുത്തുന്നതിനൊപ്പം പ്‌ളാസ്റ്റിക് നിരോധനത്തിനായി കൂടുതല്‍ പദ്ധതികള്‍ ആവിഷ്‌കരിച്ച് നടപ്പിലാക്കുവാനുളള തയ്യാറെടുപ്പിലാണ് വനംവകുപ്പ് അധികൃതര്‍.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :