പുത്തനുടുപ്പുകളും ബാഗുകളും അനാഥമായി; ഒന്നാം ക്ലാസിലെത്തേണ്ടിയിരുന്ന കുട്ടിയ്ക്കും കൂട്ടുകാരനും ദാരുണാന്ത്യം

മാവേലിക്കരയില്‍ രണ്ട് കുട്ടികള്‍ മുങ്ങിമരിച്ചു

മാവേലിക്കര| സജിത്ത്| Last Modified വ്യാഴം, 1 ജൂണ്‍ 2017 (11:00 IST)
ഒന്നാം ക്ലാസിൽ പോകേണ്ടിയിരുന്ന ഏഴു വയസുകാരനും കൂട്ടുകാരനായ പത്തു വയസുള്ള കുട്ടിയും മുങ്ങിമരിച്ചു. ചെട്ടിക്കുളങ്ങര കണ്ണമംഗലം തെക്ക് മലയിൽ കൊച്ചുവീട്ടിൽ രാജേഷിന്റെയും ലക്ഷ്മിയുടെയും മകൻ കാശിനാഥ്(ഏഴ്), കണ്ണമംഗലം തെക്ക് കോട്ടൂർ വടക്കതിൽ ദയാലിന്റെയും രേവതിയുടെയും മകൻ ദ്രാവിഡ്(10) എന്നിവരാണ് മരിച്ചത്. കഴിഞ്ഞ ദിവസം വൈകീട്ട് നാലുമണിയോടെയായിരുന്നു സംഭവം.

തുറക്കുന്നതിന്റെ തലേദിവസമായ ഇന്നലെ ഇരുവരും ഒരുമിച്ച് കളിക്കാനായി പോയതായിരുന്നു. വീട്ടിൽ നിന്നും പുറത്തിറങ്ങിയ ഇരുവരും സമീപത്തെ പാടത്തേക്കാണ് പോകുകയും പാടത്ത് കൃഷിക്കായി കുഴിച്ച കുളത്തില്‍ രണ്ടുപേരും കളിക്കാനിറങ്ങുകയുമായിരുന്നു. കുട്ടികൾ കുളത്തിൽ കളിക്കുന്നത് സമീപത്തുള്ള വീട്ടമ്മയുടെ ശ്രദ്ധയില്‍പ്പെട്ടിരുന്നു. എന്നാല്‍ അൽപസമയത്തിന് ശേഷം കളിച്ചുകൊണ്ടിരുന്ന കുട്ടികളെ കാണാതായതിനെ തുടർന്ന് വീട്ടമ്മ ബഹളം വെച്ച് നാട്ടുകാരെ വിവമറിയിക്കുകയായിരുന്നു.

ഓടിക്കൂടിയ നാട്ടുകാർ നടത്തിയ തിരച്ചിലിലാണ് കുട്ടികളെ കുളത്തിൽ നിന്നും കണ്ടെടുത്തത്. കരയ്ക്കെടുക്കുമ്പോൾ ജീവനുണ്ടായിരുന്ന കുട്ടികളെ ഉടൻ തന്നെ സമീപത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
ഇരുവരുടെയും മൃതദേഹങ്ങൾ പോസ്റ്റമോർട്ടം നടപടികൾക്കായി ജില്ലാ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :