പിള്ളയ്ക്ക് അപൂര്‍വ രോഗമെന്ന് റിപ്പോര്‍ട്ട്

തിരുവനന്തപുരം| WEBDUNIA|
PRO
PRO
ഇടമലയാര്‍ കേസില്‍ ശിക്ഷിക്കപ്പെട്ട മുന്‍ മന്ത്രി ആര്‍ ബാലകൃഷ്ണപിള്ള രോഗബാധിതനാണെന്ന് മെഡിക്കല്‍ റിപ്പോര്‍ട്ട്. 'ഹെമറ്റോ ക്രൊമാറ്റോസിസ്' രോഗമാണ് പിള്ളയെ ബാധിച്ചിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

രക്തത്തില്‍ ഇരുമ്പിന്റെ അംശം ക്രമാതീതമായി കൂടി കരളില്‍ അടിയുന്ന രോഗമാണ് 'ഹെമറ്റോ ക്രൊമാറ്റോസിസ്'. കൂടാതെ ഹൃദ്രോഗം, പ്രമേഹം, രക്തസമ്മര്‍ദ്ദം എന്നിവയും ഉണ്ട്. ജൂണില്‍ നടത്തിയ മെഡിക്കല്‍ പരിശോധനാ റിപ്പോര്‍ട്ടിലാണ് ഇക്കാര്യങ്ങളുള്ളത്. ഏറെ നാളായി പിള്ള ഈ രോഗങ്ങള്‍ക്ക് ചികിത്സയില്‍ ആണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

അതേസമയം പിള്ളയ്ക്ക് പരോള്‍ അനുവദിച്ചതുമായി ബന്ധപ്പെട്ട്‌ ജയില്‍ ചുമതല വഹിക്കുന്ന അഡീഷണല്‍ ചീഫ്‌ സെക്രട്ടറി കെ ജയകുമാര്‍, ജയില്‍ എ ഡി ജി പി അലക്‌സാണ്ടര്‍ ജേക്കബ്‌ എന്നിവര്‍ക്ക് ലോകായുക്‌ത നോട്ടീസ് അയച്ചു. പിള്ളയ്ക്കും നോട്ടീസ് അയച്ചിട്ടുണ്ട്. ഓഗസ്റ്റ് 19-ന് ഇവര്‍ വിശദീകരണം നല്‍കണം എന്നാണ് നോട്ടീസില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

പിള്ളയ്ക്ക് പരോള്‍ നല്‍കിയത് ചൂണ്ടിക്കാട്ടി സ്റ്റേറ്റ് ഹ്യൂമന്‍ റൈറ്റ്‌സ് പ്രൊട്ടക്ഷന്‍ സെന്റര്‍ എന്ന സംഘടന അഡ്വക്കേറ്റ് എം രാഹുല്‍ മുഖേനെ ലോകായുക്‌തയില്‍ ഹര്‍ജി സമര്‍പ്പിക്കുകയായിരുന്നു. ജയില്‍ അനുഭവിക്കുന്ന ഒരാള്‍ക്ക് പരമാവധി 45 ദിവസം മാത്രമേ പരോള്‍ നല്‍കാവൂ എന്ന നിയമം നിലനില്‍ക്കെ പിള്ളയ്ക്ക് വീണ്ടും ഒരുമാസം പരോള്‍ അനുവദിച്ചത് നിയമവിരുദ്ധമാണെന്ന് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു. പ്രതിക്കുള്ള സ്വാധീനമാണ് വീണ്ടും പരോള്‍ ലഭിക്കാന്‍ ഇടയാക്കിയതെന്നും ഹര്‍ജിയിലുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :