പിള്ള പുറത്തേക്ക്, നടപടിക്കെതിരെ ഹര്‍ജി

തിരുവനന്തപുരം| WEBDUNIA|
PRO
ഇടമലയാര്‍ കേസില്‍ തടവ് ശിക്ഷ അനുഭവിക്കുന്ന മുന്‍ മന്ത്രി ആര്‍ ജയില്‍ മോചിതനാകുന്നു. കേരളപ്പിറവിയോട്‌ അനുബന്ധിച്ച്‌ ജയിലില്‍ നിന്ന്‌ 138 തടവുകാരെ വിട്ടയയ്ക്കുന്നതിനുള്ള സര്‍ക്കാര്‍ ഉത്തരവ് പ്രകാരമാണ് പിള്ള ജയില്‍ മോചിതനാകുക. കേരളപ്പിറവിദിനമായ ചൊവ്വാഴ്ച പിള്ളയുടെ ശിക്ഷ അവസാനിക്കുകയാണ്.

മൂന്നുമാസം മുതല്‍ പത്ത് വര്‍ഷം വരെ തടവു ശിക്ഷ അനുഭവിക്കുന്നവരെയാണ് വിട്ടയയ്ക്കാന്‍ ആഭ്യന്തരവകുപ്പ് ശുപാര്‍ശ നല്‍കിയിരിക്കുന്നത്. കൊലപാതകം, മയക്കുമരുന്നു കേസ്‌, ബലാത്സംഗ കേസുകള്‍, വിദേശികള്‍ക്കു നേരെയുള്ള ആക്രമണം, തീവ്രവാദം, മതസംഘര്‍ഷം തുടങ്ങി ഏഴ്‌ കേസുകളെ ഇളവുകളുടെ പരിധിയില്‍ നിന്ന്‌ ഒഴിവാക്കിയിട്ടുണ്ട്‌. ജയില്‍ മോചിതരാവേണ്ടവരുടെ പട്ടിക അതാത് ജയില്‍ എ ഡി ജി പി മാരാണ് തയ്യാറാക്കിയത്.

ബാലകൃഷ്ണപിള്ളയ്ക്ക് ശിക്ഷായിളവ് നല്‍കാന്‍ സര്‍ക്കാര്‍ പല ശ്രമങ്ങളും നടത്തിയിരുന്നു. ഇതിന്റെ ഭാഗമായി എഴുപത് വയസ്സിന് മുകളില്‍ പ്രായമുള്ളവരെ വിട്ടയയ്ക്കാന്‍ സര്‍ക്കാര്‍ ഉത്തരവിട്ടിരുന്നു. എന്നാല്‍ ഇതില്‍ നിന്ന് പിള്ള ഒഴിവാകുകയായിരുന്നു. ഒര‌ു വര്‍ഷം പൂര്‍ത്തിയാകാത്തതായിരുന്നു ഇതിന് കാരണം. എന്നാല്‍ പുതിയ ഉത്തരവ് അനുസരിച്ച് പിള്ള കേരളപ്പിറവിക്ക് പുറത്തിറങ്ങും.

സുപ്രീംകോടതി അഴിമതിക്കേസില്‍ ശിക്ഷിച്ച ഒരാള്‍ക്ക് ഇതാദ്യമായാണ് ഇത്തരത്തില്‍ ശിക്ഷ ഇളവ് ചെയ്തുകൊടുക്കുന്നത്. ജയിലില്‍ പിള്ള വെറും 69 ദിവസം മാത്രമാണ് കഴിഞ്ഞത്. അതിനിടയില്‍ 75 ദിവസം പരോള്‍ ലഭിച്ചു. പിന്നീട് ആശുപത്രിയില്‍ ചികിത്സയ്ക്കായി പ്രവേശിക്കുകയും ചെയ്തു.

അതേസമയം, പിള്ളയെ ഇളവ് നല്‍കി വിട്ടയയ്ക്കാനുള്ള സംസ്ഥാന സര്‍ക്കാര്‍ തീരുമാനത്തിനെതിരെ നിയമവിദ്യാര്‍ത്ഥിയായ മഹേഷ് മോഹന്‍ സുപ്രീംകോടതിയില്‍ ഹര്‍ജി സമര്‍പ്പിക്കും.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :