പിഎസ്‌സി വെബ്സൈറ്റ്‌ ചതിച്ചു!

തിരുവനന്തപുരം| WEBDUNIA| Last Modified ബുധന്‍, 23 ഫെബ്രുവരി 2011 (12:40 IST)
എല്‍ ഡി ക്ലര്‍ക്ക്‌ അപേക്ഷാ തീയതി ഇന്ന് അവസാനിക്കാനിരിക്കെ പി എസ് സിയുടെ ഔദ്യോഗിക വെബ്സൈറ്റ്‌ തകരാറിലായി. വെബ്സൈറ്റിന്റെ സെര്‍വറിലുണ്ടായ തകരാര്‍ നിമിത്തം ഉദ്യോഗാര്‍ത്ഥികള്‍ ആശങ്കയിലായിരിക്കുകയാണ്. അക്ഷയ കേന്ദ്രങ്ങള്‍, ഇന്റര്‍നെറ്റ്‌ കഫേകള്‍ എന്നിവയെ അശ്രയിക്കുന്ന ഉദ്യോഗാര്‍ത്ഥികള്‍ അയക്കാന്‍ സാധിക്കാതെ മടങ്ങേണ്ട അവസ്ഥയാണ്.

അവസാനതീയതി അടുക്കുമ്പോള്‍ അനേകം പേര്‍ ഒരേസമയം ഓണ്‍ലൈനായി അപേക്ഷിക്കാന്‍ ശ്രമിക്കുന്നതാണ് തടസ്സം നേരിടാന്‍ കാരണം. വെബ്സൈറ്റില്‍ വരുന്ന തകരാറുകള്‍ നിമിത്തം വിവിധ തസ്തികകളിലേക്കുള്ള അപേക്ഷകള്‍ പലകുറി നീട്ടേണ്ട ഗതികേടിലാണ് പി എസ് സി. അപേക്ഷകള്‍ സമര്‍പ്പിക്കാന്‍ ദിവസങ്ങള്‍ നീളുന്ന 'ഓണ്‍ലൈന്‍ ക്യൂ'വില്‍ കാത്തുനില്‍ക്കേണ്ട അവസ്ഥ ഉദ്യോഗാര്‍ഥികളെയും ബുദ്ധിമുട്ടിലാക്കുന്നു.

ലോവര്‍ ഡിവിഷന്‍ ക്ലര്‍ക്ക് തസ്തികയിലേക്കുമാത്രം ഇതിനകം പത്തുലക്ഷത്തിലധികം അപേക്ഷകള്‍ പി എസ് സി ക്ക് ലഭിച്ചു കഴിഞ്ഞു. അപേക്ഷയുടെ കൂടെ ഫോട്ടോ കൂടി അപ്‌ലോഡ് ചെയ്യേണ്ടതും ഉദ്യോഗാര്‍ഥികളെ കുഴപ്പത്തിലാക്കുന്നുണ്ട്. മിനിട്ടില്‍ 400 അപേക്ഷകള്‍വരെ ഓണ്‍ലൈന്‍വഴി പി എസ് സി സ്വീകരിക്കുന്നുണ്ട് എന്നാണ് കണക്ക്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :