പി സി ജോര്‍ജിന് ചീമുട്ടയേറ്, കല്ലേറില്‍ കാര്‍ തകര്‍ന്നു

ഇടുക്കി| WEBDUNIA|
PRO
സര്‍ക്കാര്‍ ചീഫ് വിപ്പ് പി സി ജോര്‍ജിന് നേരെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ചീമുട്ടയെറിഞ്ഞു. ജോര്‍ജ് സഞ്ചരിച്ച കാറും യൂത്ത് കോണ്‍ഗ്രസുകാര്‍ കല്ലെറിഞ്ഞ് തകര്‍ത്തു. തൊടുപുഴയിലാണ് സംഭവം.

തൊടുപുഴയില്‍ അയ്യങ്കാളി ദിനാഘോഷത്തോട് അനുബന്ധിച്ച് നടത്തിയ പരിപാടിയില്‍ പങ്കെടുക്കാനെത്തിയതായിരുന്നു പി സി ജോര്‍ജ്. അപ്രതീക്ഷിതമായി യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കരിങ്കൊടിയുമായി ജോര്‍ജിന്‍റെ വാഹനത്തിന് മുന്നിലേക്ക് ചാടിവീഴുകയായിരുന്നു. തുടര്‍ന്ന് ശക്തമായ ചീമുട്ടയേറുണ്ടായി.

വാഹനം മുന്നോട്ടുപോകവേ പ്രവര്‍ത്തകര്‍ കല്ലെറിയുകയും കൊടി കെട്ടിയ കമ്പുകൊണ്ട് വാഹനത്തില്‍ അടിക്കുകയും ചെയ്തു. കാറിന്‍റെ ചില്ലുകളും ബീക്കണ്‍ ലൈറ്റും തകര്‍ന്നു.

പൊലീസ് ഇടപെട്ടെങ്കിലും യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ നിയന്ത്രിക്കാനായില്ല. ഒടുവില്‍ നേരിയ തോതില്‍ ലാത്തിവീശിയാണ് പ്രവര്‍ത്തകരെ പിരിച്ചുവിട്ടത്. ലാത്തിച്ചാര്‍ജില്‍ പ്രവര്‍ത്തകര്‍ക്ക് പരുക്കേറ്റിട്ടുണ്ട്.

തനിക്കെതിരെയുള്ള ആക്രമണം പൊലീസ് തടഞ്ഞില്ലെന്നും പൊലീസ് കൈയ്യും കെട്ടി നോക്കി നില്‍ക്കുകയായിരുന്നു എന്നും ജോര്‍ജ് പ്രതികരിച്ചു.

കഴിഞ്ഞ ഒരാഴ്ചയായി പി സി ജോര്‍ജിനെതിരെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധ സമരം നടത്തിവരികയാണ്.

അതേസമയം, യു ഡി എഫ് സര്‍ക്കാരിനെ അട്ടിമറിക്കാനാണ് പി സി ജോര്‍ജ് ശ്രമിക്കുന്നതെന്ന് ആന്‍റോ ആന്‍റണീ എം പി ആരോപിച്ചു. ഇടതുമുന്നണിയില്‍ ചേക്കേറാനാണ് ജോര്‍ജ് ശ്രമിക്കുന്നത്. തനിക്കെതിരായ ആരോപണങ്ങള്‍ കോടതിയില്‍ തെളിയിക്കാന്‍ ജോര്‍ജ് തയ്യാറാകണമെന്നും ആന്‍റോ ആന്‍റണി ആവശ്യപ്പെട്ടു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :