പി സി ജോര്‍ജിനെ മാറ്റണമെന്ന് ആവശ്യപ്പെട്ട് കേരളാകോണ്‍ഗ്രസിലെ ഒരു വിഭാഗം
കോട്ടയം|
WEBDUNIA|
PRO
പി സി ജോര്‍ജിനെ ചീഫ് വിപ്പ് സ്ഥാനത്തു നിന്നും മാറ്റണമെന്ന് ആവശ്യപ്പെടാന്‍ കേരളകോണ്‍ഗ്രസിലെ ഒരു വിഭാഗം നേതാക്കള്‍ ഒരുങ്ങുന്നുവെന്ന് സൂചന. എം എല്‍ എമാര്‍ ആവശ്യപ്പെട്ടത് പ്രകാരം കേരള കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി യോഗം ഉടന്‍ചേരും.
പി സി ജോര്‍ജിന്റെ അനാവശ്യ വിവാദങ്ങള്‍ പാര്‍ട്ടിയുടെയും യുഡിഎഫിന്റെയും തന്നെ പ്രതിച്ഛായയ്ക്ക് മങ്ങലേല്‍പ്പിച്ച സാഹചര്യത്തിലും കേരള കോണ്‍ഗ്രസിലെ തന്നെ ഫ്രാന്‍സിസ് ജോര്ജിനെപ്പോലുള്ളവര്ക്കെതിരെ ജോര്‍ജ് നടത്തിയ ആക്ഷേപങ്ങളുമാണ് ജോര്‍ജ് വിരുദ്ധവിഭാഗം മുന്നോട്ട് വയ്ക്കാന്‍ ഒരുങ്ങുന്നത്.
കഴിഞ്ഞ ദിവസം മൂവാറ്റുപുഴയില്‍ കേരളാ കോണ്‍ഗ്രസ് എം പ്രവര്‍ത്തകര്‍ പിസി ജോര്‍ജിന്റെ കോലം കത്തിച്ചിരുന്നു. സ്വന്തം പാര്‍ട്ടിയില്‍ത്തന്നെ ജോര്‍ജിനെതിരെ പുകയുന്ന വിമര്‍ശങ്ങള്‍ പരസ്യമായി പ്രവര്‍ത്തകര്‍ പ്രകടിപ്പിച്ചു.
പി സി ജോര്‍ജിനെതിരെ മന്ത്രിമാരടക്കമുള്ള കോണ്‍ഗ്രസ് അംഗങ്ങള്‍ പാര്‍ലമെന്ററി പാര്‍ട്ടിയില്‍ കടുത്ത വിമര്‍ശനം ഉന്നയിച്ചിരുന്നു. കെപിസിസി ഭാരവാഹികള്‍ക്കും ജോര്‍ജിന്റെ പ്രസ്താവനകളോട് കടുത്ത അമര്‍ഷം രേഖപ്പെടുത്തിയിരുന്നു. ജോര്‍ജിനെ വിപ്പ് സ്ഥാനത്ത് നിന്ന് മാറ്റണമെന്ന് മുന്നണിയില്‍ പരസ്യമായി ആവശ്യവും ഉയര്‍ന്നിട്ടുണ്ട്.
സംസ്ഥാനത്തെ മുതിര്‍ന്ന നേതാവായ ഗൗരിയമ്മയ്ക്കെതിരെ മോശമായ ഭാഷയില്‍ പ്രസ്താവന നടത്തിയ പി സി ജോര്‍ജിനെ സര്‍ക്കാര്‍ ചീഫ് വിപ്പ് സ്ഥാനത്തു നിന്ന് പുറത്താക്കണമെന്ന് ജെ എസ് എസ് ആവശ്യപ്പെട്ടിരുന്നു. ജോര്‍ജിനെതിരെ നടപടിയുണ്ടായില്ലെങ്കില്‍ അടുത്തമാസം രണ്ടിനു ചേരുന്ന യുഡിഎഫ് യോഗത്തില്‍ പങ്കെടുക്കേണ്ടതില്ലെന്നും ആലപ്പുഴയില്‍ ചേര്‍ന്ന പാര്‍ട്ടി സംസ്ഥാന കമ്മിറ്റി തീരുമാനിച്ചിരുന്നു.