വള്ളക്കടവ്|
സജിത്ത്|
Last Modified വ്യാഴം, 23 ജൂണ്‍ 2016 (16:59 IST)
പഴം വിപണിയില്‍ വില കുതിക്കുന്നു. നോമ്പുകാലം തുടങ്ങിയതോടെ മൂന്നിരട്ടിയിലധികം വിലയാണ് പഴവര്‍ഗങ്ങള്‍ക്കായി പൊതുവിപണിയില്‍ ഈടാക്കുന്നത്. ഇന്ധന വിലവര്‍ധനവും ഉല്‍പന്നങ്ങളുടെ ലഭ്യതക്കുറവുമാണ് വിലകൂടാന്‍ കാരണമായി വ്യാപാരികള്‍ പറയുന്നത്.
രണ്ടാഴ്ച മുമ്പ് 35 രൂപയുണ്ടായിരുന്ന ഏത്തപ്പഴത്തിന് കിലോക്ക് 65 രൂപയാണ് വില. കാറ്റിലും മഴയിലും തലസ്ഥാനത്തെ വാഴക്കൃഷി നശിച്ചതും ഇതരസംഥാനത്ത് നിന്നുള്ള വരവ് കുറഞ്ഞതുമാണ് ഏത്തക്കയുടെ വില കുതിച്ചുയര്‍ന്നതെന്നാണ് കച്ചവടക്കാര്‍ പറയുന്നത്.
ഏത്തപ്പഴത്തിനൊപ്പം തന്നെ റോബസ്റ്റയുടേയും രസകദളിയുടേയും വിലയും വര്‍ദ്ധിച്ചു. റോബസ്റ്റയുടെ വില കിലോക്ക് 20ല്‍ നിന്ന് 35 ആയും 35 രൂപയുണ്ടായിരുന്ന കപ്പപ്പഴം 40 ആയുമാണ് ഉയര്‍ന്നിരിക്കുന്നത്. കൂടാതെ 40 രൂപയുണ്ടായിരുന്ന രസകദളിക്ക് ഇപ്പോള്‍ 70 രൂപയാണ് വില.
പൈനാപ്പിളിനും വന്‍ വിലവര്‍ദ്ധനയാണ് ഉണ്ടായിട്ടുള്ളത്. 55 രൂപയാണ് ഇപ്പോഴത്തെ വില. തമിഴ്നാട്ടില്‍നിന്നുള്ള വരവ് കുറഞ്ഞതോടെ മുന്തിരിയുടെ വില 90 മുതല്‍ 110 രൂപവരെയായി. വെള്ളമുന്തിരിക്ക് നൂറ് മുതല്‍ 120 വരെയും പല വ്യാപാരികളും ഈടാക്കുന്നുണ്ട്.
തണ്ണിമത്തന്റെ വിലയില്‍ മാത്രമാണ് ഇപ്പോള്‍ ചെറിയ ഒരു ആശ്വാസമുള്ളത്. അതിന് കിലോക്ക് 15 രൂപയാണ് ഈടാക്കുന്നത്. തുടര്‍ച്ചയായ മഴയാണ് തണ്ണിമത്തന്‍ കച്ചവടത്തെ പ്രതികൂലമായി ബാധിച്ചത്. നൂറ് രൂപയായിരുന്ന മാതളം 120രൂപയായി. ആപ്പിളിന് 140ഉം കളര്‍ ആപ്പിളിന് 180 രൂപയുമാണ് പല സ്ഥലങ്ങളുലും ഈടാക്കുന്നത്.
ഇടനിലക്കാരാണ് പഴവിപണയില്‍ വിലക്കയറ്റം സൃഷ്ടിക്കുന്നതെന്ന ആരോപണം ശക്തമാണ്. മാങ്ങയ്ക്ക് 50, 60, 70 എന്നിങ്ങനെയാണ് നിരക്ക്. ഓറഞ്ചിന് 90, പേരക്കയ്ക്ക് 50, ഷമാമിന് 50 എന്നിങ്ങനെയാണ് ഇപ്പോളത്തെ വിപണി നിരക്ക്. പല വ്യാപാരികളും മൂന്നിരട്ടി ലാഭം ഈടാക്കിയാണ് ഇപ്പോള്‍ ഉപഭോക്താക്കളെ കൊള്ളയടിക്കുന്നത്.