നെറ്റ്ബാങ്കിംഗ് സംവിധാനത്തിലൂടെ പണം തട്ടിപ്പ്: 5 പേര്‍ അറസ്റ്റില്‍
അങ്കമാലി|
WEBDUNIA|
Last Modified തിങ്കള്‍, 18 നവംബര്‍ 2013 (15:32 IST)
PRO
എസ്ബിഐയുടെ ഓണ്‍ലൈന്‍ ബാങ്കിംഗ് സംവിധാനത്തിലൂടെ 70 ലക്ഷം രൂപയിലധികം തുക തട്ടിയെടുത്ത കേസില്‍ അഞ്ച് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. എസ്ബിഐയുടെ വിവിധ ശാഖകളില്‍ നിന്നാണ് ഇത്രയും തുക തട്ടിയെടുത്തത്.
അങ്കമാലി മൂക്കന്നൂര്‍ എബി ചാക്യേത്ത് (26), പാലിയേക്കര ചക്കിച്ചേരി അജിത്ത് ഉറുമീസ് (25), മൂക്കന്നൂര്‍ ചിറ്റോപറമ്പില്‍ ജിസ്മോന്‍ തോമസ് (22), മൂക്കന്നൂര്‍ ആഴകം പേരാത്തും കുടി വീട്ടില്‍ ശരത് ചന്ദ്രന്‍, ആഴകം അത്തിക്കാപ്പിള്ളി ജിതിന്‍ ചന്ദ്രന്‍ (23) എന്നീ അഞ്ച് പേരെയാണു പൊലീസ് അറസ്റ്റ് ചെയ്തത്.
തൃപ്പൂണിത്തുറ ശിവമായത്തില്‍ ശ്യാം എന്ന കൂട്ടുപ്രതിയെ പിടികൂടാനുണ്ടെന്ന് പൊലീസ് അറിയിച്ചു.
തട്ടിപ്പ് രീതി ഇങ്ങനെയായിരുന്നു-കേസിലെ മുഖ്യപ്രതിയായ എബി ചാക്യേത്ത് തന്റെ അങ്കമാലിയിലെ എസ്ബിഐ അക്കൗണ്ടില്‍ നിന്ന് ഐസിഐസിഐ അക്കൗണ്ടിലേക്ക് ഇ-അക്കൗണ്ടിംഗ് സംവിധാനത്തിലൂടെ 20,000 രൂപ ട്രാന്‍സ്ഫര്‍ ചെയ്തപ്പോള്‍ ഐസിഐസിയൈ ബാങ്കിലെ അക്കൗണ്ടില്‍ ക്രെഡിറ്റായി.
എന്നാല്‍ എസ്ബിഐ അക്കൗണ്ടിലെ തുകയില്‍ കുറവും ഉണ്ടായില്ല. ഒരു പ്രത്യേക സമയത്ത് ഇത്തരത്തില്‍ ഫണ്ട് ട്രാന്‍സ്ഫര്‍ ചെയ്യുമ്പോഴാണ് ഈ പ്രശ്നം ഉണ്ടായത് എന്ന് കണ്ടെത്തിയ എബി കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ നിരവധി തവണ ഇത്തരത്തില്‍ ഇ-അക്കൗണ്ടിംഗിലൂടെ ഫണ്ട് ട്രാര്‍സ്ഫര്‍ ചെയ്ത് എസ്.ബി.ഐ യുടെ അങ്കമാലി, തൃക്കാക്കര, ചക്കരപറമ്പ് എന്നീ ശാഖകളിലൂടെ മൊത്തം 70,43,163 രൂപ തട്ടിയെടുത്തു.
മുംബൈയിലെ എസ്ബിഐ ആസ്ഥാനത്താണ് ഇത്തരത്തിലുള്ള തട്ടിപ്പ് കണ്ടെത്തിയത്. ഇതിനെ തുടര്‍ന്ന് അവിടെ നിന്ന് എറണാകുളം റീജ്യണല്‍ ഫിനാന്‍സ് മാനേജര്‍ക്ക് നല്‍കിയ നിര്‍ദ്ദേശത്തെ തുടര്‍ന്ന് വിശദമായ അന്വേഷണം നടത്തുകയും പണം തട്ടിയെടുത്ത രീതിയും അതിന്റെ പിന്നില്‍ പ്രവര്‍ത്തിച്ചയാളെയും കണ്ടെത്തുകയാണുണ്ടായത്. തട്ടിപ്പു നടത്താന്‍ ബാങ്കിലെ ജീവനക്കാരുടെ സഹായം ലഭ്യമായിട്ടുണ്ടോ എന്ന് പരിശോധിക്കും.
ആലുവ ഡിവൈഎസ്പി സനല്‍ കുമാര്‍, അങ്കമാലി സി ഐ ബാബു എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് എബിയേയും കൂട്ടരേയും പിടികൂടിയത്. പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. കേസ് സംബന്ധിച്ച് കൂടുതല്‍ അന്വേഷണം നടക്കുന്നതായി പൊലീസ് അറിയിച്ചു.