നിലമ്പൂര്‍ രാധ വധക്കേസ്: പ്രതികള്‍ക്ക് ജീവപര്യന്തം

മഞ്ചേരി| Joys Joy| Last Modified വ്യാഴം, 12 ഫെബ്രുവരി 2015 (15:58 IST)
നിലമ്പൂര്‍ രാധ വധക്കേസില്‍ പ്രതികള്‍ക്ക് ജീവപര്യന്തം. ആര്യാടന്‍ മുഹമ്മദിന്റെ മുന്‍ പി എ ബിജു, ഷംസുദ്ദീന്‍ എന്നിവര്‍ക്കാണ് മഞ്ചേരി ഒന്നാം അഡീഷണല്‍ സെഷന്‍സ് കോടതി ജീവപര്യന്തം വിധിച്ചത്. പ്രതികള്‍ക്കെതിരെ കൊലപാതകം, മാനഭംഗം, മോഷണം എന്നീ കുറ്റങ്ങള്‍ തെളിഞ്ഞതായി കോടതി കണ്ടെത്തിയിരുന്നു. ജഡ്ജി പി എസ് ശശികുമാറാണ് ശിക്ഷ വിധിച്ചത്.

അതേസമയം, പ്രതികള്‍ക്ക് വധശിക്ഷ നല്കാത്തതില്‍ നിരാശയുണ്ടെന്ന് കൊല്ലപ്പെട്ട രാധയുടെ സഹോദരന്‍ പറഞ്ഞു. ഇനിയും കുറ്റകൃത്യങ്ങള്‍ ആവര്‍ത്തിക്കാന്‍ ഇത് കാരണമാകുമെന്നും രാധയുടെ സഹോദരന്‍ പറഞ്ഞു.

ഇതിനിടെ, പ്രതികള്‍ ഹൈക്കോടതിയില്‍ അപ്പീല്‍ നല്കി. തുടക്കം മുതലേ പ്രതികള്‍ക്കെതിരെ ഗൂഡാലോചന നടന്നുവെന്ന് കാണിച്ചാണ് സെഷന്‍സ് കോടതിയുടെ വിധിക്കെതിരെ പ്രതിഭാഗം അപ്പീല്‍ നല്കിയത്.

ബിജുവിന് അമ്പതിനായിരം രൂപ പിഴയും പിഴ അടച്ചില്ലെങ്കില്‍ മൂന്നുവര്‍ഷം തടവും അനുഭവിക്കണം. കൂടാതെ പത്തുവര്‍ഷം കഠിനതടവും അനുഭവിക്കണം. തടവുശിക്ഷ ഒന്നിച്ചനുഭവിച്ചാല്‍ മതി.

നിലമ്പൂര്‍ ബ്ലോക്ക് കോണ്‍ഗ്രസ് ഓഫീസ് തൂപ്പുകാരിയായിരുന്ന രാധ കോണ്‍ഗ്രസ് ഓഫീസില്‍ വെച്ചായിരുന്നു കൊല്ലപ്പെട്ടത്. 2014 ഫെബ്രുവരി അഞ്ചുമുതല്‍ കാണാതായിരുന്ന രാധയുടെ മൃതദേഹം ഫെബ്രുവരി 10ന് കുളത്തില്‍നിന്ന് കണ്ടെത്തുകയായിരുന്നു. ശ്വാസംമുട്ടിച്ചു കൊലപ്പെടുത്തിയതാണെന്നു പോസ്റ്റ്‌മോര്‍ട്ടത്തില്‍ തെളിഞ്ഞിരുന്നു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :