നിരാശയിലാണ് പ്രതിപക്ഷം; അതാണ് ഇത്തരത്തില്‍ പ്രവര്‍ത്തിക്കുന്നത്; പ്രശ്നങ്ങള്‍ എല്ലാം ഹൈക്കമാന്റിന്റെ പരിഗണനയിലാണ്: മുഖ്യമന്ത്രി

തിരുവനന്തപുരം| WEBDUNIA|
PRO
എല്ലാ പ്രശ്നങ്ങളും ഹൈക്കമാന്റിന്റെ പരിഗണനയിലാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ഹൈക്കമാന്റ് തീരുമാനങ്ങള്‍ ഉടന്‍ എടുത്തുകൊള്ളുമെന്ന് മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. കോണ്‍ഗ്രസിന് തനതായ ഒരു പ്രവര്‍ത്തന ശൈലി ഉണ്ടെന്നും മികച്ച പ്രവര്‍ത്തന രീതിയുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഒന്നിച്ച് നില്‍ക്കുമ്പോള്‍ പരസ്പരം തള്ളി പറയുന്നത് കോണ്‍ഗ്രസിന്റെ ശൈലിയല്ല. ഘടകകക്ഷികളില്‍പ്പെട്ടവര്‍ക്ക് മാറ്റം വരുന്നതില്‍ തങ്ങള്‍ക്ക് വേദനയുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. പിസി ജോര്‍ജിന്റെ വാക്കുകള്‍ താന്‍ തള്ളിക്കളയുകയാണെന്നും അദ്ദേഹം പറഞ്ഞു.

ഇന്നേവരെ മറ്റൊരു കോണ്‍ഗ്രസ് മുഖ്യമന്ത്രിക്കും ലഭിക്കാത്ത പിന്തുണയാണ് തനിക്ക് ലഭിക്കുന്നതെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു. തങ്ങളുടെ കൂടെ നില്‍ക്കുന്ന ഘടകക്ഷികള്‍ മികച്ച പിന്തുണ നല്‍കുന്നുണ്ടെന്ന് അദ്ദേഹം അറിയിച്ചു.

എത്ര പറഞ്ഞാലും മനസിലാകാത്തവരാണ് ചോദ്യങ്ങള്‍ വീണ്ടും ആവര്‍ത്തിക്കുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ജനഹിതം അറിഞ്ഞ് സര്‍ക്കാര്‍ പ്രവര്‍ത്തിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസ് ജനങ്ങള്‍ക്ക് വേണ്ടിയാണ് പ്രവര്‍ത്തിക്കുന്നതെന്നും മുഖ്യ മന്ത്രി പറഞ്ഞു.

പ്രതിപക്ഷം നിരാശയിലാണ്, അതിനാലാണ് അവര്‍ ഇത്തരത്തില്‍ പ്രവര്‍ത്തിക്കുന്നത്. ഇനിയും പ്രതിപക്ഷം നിരാശരാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ലീഗിന്റെയും കേരളകോണ്‍ഗ്രസിന്റെയും പ്രശ്നങ്ങള്‍ ഹൈക്കമാ‍ന്റിനെ അറിയിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. എല്ലാം ഹൈക്കമാന്റ് തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :