തിരുവനന്തപുരം|
JOYS JOY|
Last Modified തിങ്കള്‍, 16 മാര്‍ച്ച് 2015 (08:03 IST)
ബജറ്റ് അവതരണവുമായി ബന്ധപ്പെട്ട് നിയമസഭയില്‍ നടന്ന സംഘര്‍ഷത്തെക്കുറിച്ച് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഗവര്‍ണര്‍ പി സദാശിവത്തിന് വിശദീകരണം നല്കി. ഞായറാഴ്ച രാത്രി ഒമ്പതരയോടെ ആയിരുന്നു മുഖ്യമന്ത്രി രാജ്‌ഭവനിലെത്തി ഗവര്‍ണറെ കണ്ടത്.
രാജ്‌ഭവനില്‍ എത്തിയ മുഖ്യമന്ത്രി ഗവര്‍ണര്‍ക്ക് എഴുതിത്തയ്യാറാക്കിയ വിശദീകരണം ആണ് കൈമാറിയത്. നിയമസഭയില്‍ നടന്ന സംഭവങ്ങളില്‍ സര്‍ക്കാരിന്റെ നിലപാടും നിര്‍ദ്ദേശങ്ങളും ഗവര്‍ണര്‍ ആവശ്യപ്പെട്ടിരുന്നു.
നിയമസഭയിലെ അതിക്രമങ്ങള്‍ക്ക് ഉത്തരവാദികളായവര്‍ക്കെതിരെ നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി നല്കിയ വിശദീകരണത്തില്‍ പറയുന്നു. നിലവില്‍ സംസ്ഥാനത്ത് ഭരണപരമായ പ്രതിസന്ധിയില്ല. ബജറ്റിന്റെ നടപടിക്രമങ്ങള്‍ നിശ്ചിത സമയത്തിനകം പൂര്‍ത്തിയാക്കുമെന്നും മാര്‍ച്ച് 31നകം വോട്ട് ഓണ്‍ അക്കൗണ്ടും ധനാഭ്യര്‍ത്ഥനകളും പാസാക്കുമെന്നും മുഖ്യമന്ത്രി ഗവര്‍ണര്‍ക്ക് വിശദീകരണം നല്കി.
എം എല്‍ എമാര്‍ക്ക് പെരുമാറ്റച്ചട്ടം കര്‍ശനമായി നടപ്പാക്കും. സഭാനടപടികളുമായി മുന്നോട്ടുപോകുമെന്നും മുഖ്യമന്ത്രി ഗവര്‍ണറെ അറിയിച്ചു. ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയും രാത്രി വൈകി ഗവര്‍ണറുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.