ഇന്നലെ അന്തരിച്ച പ്രശസ്ത നടന്‍ രാജന്‍ പി ദേവിന്‍റെ മൃതദേഹം ഔദ്യോഗിക ബഹുമതികളോടെ സംസ്കരിച്ചു. അങ്കമാലി കറുകുറ്റി സെന്‍റ് സേവ്യേഴ്‌സ് പള്ളിയിലെ സെമിത്തേരിയിലാണ് മൃതദേഹം സംസ്കരിച്ചത്.
രാവിലെ കറുകുറ്റിയിലെ അദ്ദേഹത്തിന്‍റെ വസതിയില്‍ ഡപ്യൂട്ടി സ്പീക്കര്‍ ജോസ് ബേബി, സാംസ്കാരിക മന്ത്രി എം എ ബേബി, പ്രതിപക്ഷ നേതാവ് ഉമ്മന്‍ചാണ്ടി, കവിയൂര്‍ പൊന്നമ്മ, മധുപാല്‍ തുടങ്ങിയ പ്രമുഖരടക്കം നിരവധി പേര്‍ ആദരാഞ്‌ജലി അര്‍പ്പിക്കാനെത്തി.
എറണാകുളം ടൌണ്‍ ഹാളിലും ജന്‍മനാടായ ചേര്‍ത്തലയിലും പൊതുദര്‍ശനത്തിന് വച്ച മൃതദേഹം ഇന്നലെ രാത്രിയോടെയായിരുന്നു കറുകുറ്റിയിലെ വീട്ടിലെത്തിച്ചത്. ദീര്‍ഘകാലമായി കരള്‍ രോഗത്തിനു ചികിത്സയിലായിരുന്ന അദ്ദേഹത്തെ രക്തം ഛര്‍ദ്ദിച്ചതിനെ തുടര്‍ന്ന് ഞായറാഴ്ച എറണാകുളം ലേക്‌ഷോര്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
നാടക വേദിയില്‍ പ്രതിഭ തെളിയിച്ചതിനു ശേഷമാണ് രാജന്‍ പി ദേവ് സിനിമാ ലോകത്തെത്തിയത്. അഭിനയം കൂടാതെ സംവിധാനരംഗത്തും രാജന്‍ പി തന്‍റെ സാന്നിധ്യമറിയിച്ചു. ഫാസിലിന്‍റെ എന്‍റെ മാമാട്ടിക്കുട്ടിയമ്മയ്ക്ക് എന്ന ചിത്രത്തിലൂടെയാണ് രാജന്‍ പി ദേവ് മലയാള സിനിമാലോകത്തിലെത്തിയത്.
ഇന്ദ്രജാലത്തിലെ കാര്‍ലോസ് എന്ന കഥാപാത്രത്തിലൂടെ ചലച്ചിത്രലോകത്ത് തന്‍റേതായ ഇരിപ്പിടം അദ്ദേഹം സ്വന്തമാക്കി. തമിഴ്, തെലുങ്ക്, കന്നഡ എന്നീ ഭാഷകളിലായി 615-ഓളം സിനിമകളില്‍ രാജന്‍ പി ദേവ് അഭിനയിച്ചു. ഈ പട്ടണത്തില്‍ ഭൂതമാണ് മലയാളത്തില്‍ അദ്ദേഹം അവസാനമായി അഭിനയിച്ച സിനിമ.
രാജന്‍ പി ദേവിന്‍റെ ജീവിതത്തിന് തിരശ്ശീല വീഴുമ്പോള്‍ മലയാള സിനിമാ - നാടക രംഗത്തിന് അതുല്യനായ ഒരു പ്രതിഭയെയാണ് നഷ്ടമാകുന്നത്.