തോമസ് ചാണ്ടിയെയും പി.വി അന്‍വറിനെയും സംരക്ഷിച്ച് പ്രതിരോധം തീര്‍ത്ത് മുഖ്യമന്ത്രി; കയ്യേറ്റം തെളിഞ്ഞാല്‍ എംഎല്‍എ സ്ഥാനം രാജി വെയ്ക്കുമെന്ന് തോമസ് ചാണ്ടി

തോമസ് ചാണ്ടിയേയും പി.വി.അൻവറിനേയും പിന്തുണച്ച് മുഖ്യമന്ത്രി

Pinarayi Vijayan ,  Thomas Chandi MLA ,  Kerala Assembly ,  PV Anwar , തിരുവനന്തപുരം , തോമസ് ചാണ്ടി , പി വി അന്‍വര്‍ , പിണറായി വിജയന്‍ , നിയമസഭ
തിരുവനന്തപുരം| സജിത്ത്| Last Modified വ്യാഴം, 17 ഓഗസ്റ്റ് 2017 (11:13 IST)
ഭൂമി കയ്യേറിയെന്ന ആരോപണത്തെ തുടര്‍ന്ന് ഗതാഗത മന്ത്രി തോമസ് ചാണ്ടിക്കെതിരെയും പി വി അന്‍വര്‍ എംഎല്‍എയ്‌ക്കെതിരെയും നിയമസഭയില്‍ പ്രതിപക്ഷ ബഹളം. വാട്ടര്‍ തീം പാര്‍ക്ക് നിര്‍മ്മിക്കുന്നതിനായി അന്‍വര്‍ എംഎല്‍എ നിയമലംഘനമാണ് നടത്തിയതെന്നും ആദിവാസികളുടെ കുടിവെളളം മുട്ടിച്ചാണ് അവിടുത്തെ തടയണ നിര്‍മ്മാണമെന്നും വി.ടി ബല്‍റാം എംഎല്‍എ സഭയില്‍ അറിയിച്ചു. കായല്‍ കൈയ്യേറിയത് ഉള്‍പ്പെടെയുള്ള തോമസ് ചാണ്ടിയുടെ നിയമലംഘനങ്ങളും സഭ ചര്‍ച്ച ചെയ്യണമെന്നും വി.ടി ബല്‍റാം അടിയന്തര പ്രമേയത്തിന് അനുമതി തേടിക്കൊണ്ട് പറഞ്ഞു.

അതെസമയം ഇരുവര്‍ക്കും എതിരായ ആരോപണങ്ങള്‍ മുഖ്യമന്ത്രി നിഷേധിച്ചു.
പി വി അന്‍വറിന്റെ പാര്‍ക്കിന് അനുമതിയിയില്ലെന്ന തരത്തിലുള്ള വാദങ്ങള്‍ തെറ്റാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയില്‍ അറിയിച്ചു. കൂടാതെ തോമസ് ചാണ്ടിയുടെ റിസോര്‍ട്ടിനെക്കുറിച്ചുള്ള ആരോപണങ്ങള്‍ വെറും രാഷ്ട്രീയപ്രേരിതം മാത്രമാണെന്നും റിസോര്‍ട്ടിനായി തോമസ് ചാണ്ടി കായല്‍ കയ്യേറിയിട്ടില്ലെന്നും അവിടെ പ്ലാസ്റ്റിക് ബോയ് കെട്ടിയത് പോളയും മാലിന്യവും തടയാന്‍ മാത്രമാണെന്നും മുഖ്യമന്ത്രി വിശദീകരിച്ചു. വഴിവിട്ട നടപടി ആരുടെ ഭാഗത്തുനിന്നും ഉണ്ടായാലും സംരക്ഷിക്കില്ലെന്നും അത് ഏത് ഉന്നതനായാലും കുടുങ്ങുമെന്നും അദ്ദേഹം പറഞ്ഞു.

ഇതിനിടെ പ്രതിപക്ഷത്തിന്റെ അടിയന്തരപ്രമേയ നോട്ടിസ് ചട്ടവിരുദ്ധമാണെന്ന നിലപാടാണ് സ്പീക്കര്‍ കൈക്കൊണ്ടത്. ഒന്നിലധികം വിഷയം ഒന്നിച്ച് പ്രതിപാദിക്കാന്‍ പാടില്ലെന്നാണ് ചട്ടമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം ഭൂമി കയ്യേറ്റമെന്ന വിഷയമാണ് സഭയില്‍ ഉന്നയിച്ചതെന്നു പ്രതിപക്ഷം വാദിച്ചു. ചട്ടമനുസരിച്ച് നോട്ടിസ് നല്‍കണമെന്നും അഭ്യൂഹങ്ങളും ആരോപണങ്ങളും ഉന്നയിക്കുകയല്ല വേണ്ടതെന്നും ബാലൻ ചൂണ്ടിക്കാട്ടി. പ്രതിപക്ഷത്തിന് വിഷയ ദാരിദ്ര്യമാണെന്നാണ് ഇക്കാര്യത്തില്‍ തോമസ് ചാണ്ടി പ്രതികരിച്ചത്. കയ്യേറ്റം തെളിഞ്ഞാല്‍ എം.എല്‍.എ സ്ഥാനം രാജി വെയ്ക്കുമെന്നും തോമസ് ചാണ്ടി അറിയിച്ചു.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :