തിരുവനന്തപുരം|
jibin|
Last Updated:
ബുധന്‍, 16 ഓഗസ്റ്റ് 2017 (20:13 IST)
വാഹനാപകടത്തില്‍ ഗുരുതരമായി പരുക്കേറ്റു ചികില്‍സ ലഭിക്കാതെ മരിച്ച തമിഴ്നാട് സ്വദേശി മുരുകന്റെ കുടുംബത്തിന് 10ലക്ഷം രൂപയുടെ ധനസഹായം അനുവദിച്ചു. ഇന്നുചേർന്ന മന്ത്രിസഭാ യോഗത്തിലാണ് ഇതുസംബന്ധിച്ചു തീരുമാനം കൈക്കൊണ്ടത്.
പണം മുരുകന്റെ ഭാര്യയുടെയും കുട്ടികളുടേയും പേരില്‍ ബാങ്കില്‍ നിക്ഷേപിക്കും. ഈ പണത്തിന്റെ പലിശ മാസംതോറും മുരുകന്റെ കുടുംബത്തിനു ലഭിക്കുന്ന രീതിയിലാണ് സർക്കാർ നടപടി. പലിശ കൃത്യമായി ലഭ്യമാകുന്നുണ്ടോ എന്നറിയാന്‍ ബാങ്കുമായി നിരന്തരം ബന്ധം പുലര്‍ത്തുമെന്നും സര്‍ക്കാര്‍ അറിയിച്ചു.
ഇന്ന് രാവിലെ സഹായിക്കണമെന്ന് കാട്ടി മുരുകന്റെ ഭാര്യ മുരുകമ്മാളും മക്കളും ബന്ധുക്കളും നിയമസഭയിലെത്തി മുഖ്യമന്ത്രി പിണറായി വിജയനെ കണ്ടിരുന്നു. കുടുംബത്തിനു വീടുവച്ചു നൽകുമെന്നും കുട്ടികളുടെ വിദ്യാഭ്യാസ ചെലവ് സർക്കാർ
ഏറ്റെടുക്കുമെന്നും കൂടിക്കാഴ്ചയിൽ മുഖ്യമന്ത്രി ഉറപ്പു നൽകി. യുവാവ് മരിച്ച വാര്‍ത്ത അത്യന്തം വേദനാജനകമാണെന്നാണ് മുഖ്യമന്ത്രി നേരത്തെ വ്യക്തമാക്കിയിരുന്നത്.
കഴിഞ്ഞ ആറാം തീയതി ദേശീയപാതയിൽ കൊല്ലത്തിനടുത്ത് ഇത്തിക്കരയിൽ രാത്രി പതിനൊന്നിനുണ്ടായ അപകടത്തിലാണ് മുരുകനു ഗുരുതരമായി പരുക്കേൽക്കുന്നത്. ഏഴു മണിക്കൂറോളം പല ആശുപത്രികളിലും കയറിയിറങ്ങിയെങ്കിലും
ചികിത്സ ലഭിക്കാതെ മുരുകന് ആംബുലൻസിൽ വെച്ചുതന്നെ മരിക്കുകയുമായിരുന്നു.