തെരഞ്ഞെടുപ്പില്‍ പങ്കെടുക്കാനിറങ്ങിയ വൈദികന് വിലക്ക്

തിരുവനന്തപുരം| WEBDUNIA|
PRO
സഭാ വിലക്ക് ലംഘിച്ച് ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ഇറങ്ങിയ തിരുവനന്തപുരം ലത്തീന്‍ അതിരൂപതയിലെ ചെറിയതുറ ഇടവക വികാരിയെ സസ്‌പെന്‍ഡ് ചെയ്തു.

ഫാ എം.ടി സ്റ്റീഫനെയാണ് ഒരു വര്‍ഷത്തേക്ക് വൈദിക പദവിയില്‍നിന്ന് വിലക്കിയത്. ദിവ്യബലി അര്‍പ്പിക്കല്‍ തിരുക്കര്‍മങ്ങള്‍ക്ക് നേതൃത്വം നല്‍കല്‍, ഇടവക ഭരണം നടത്തല്‍ എന്നിവയില്‍ നിന്ന് വിട്ട് നില്‍ക്കാന്‍ ആര്‍ച്ച് ബിഷപ്പ് ഡോ സൂസപാക്യം വൈദികനോട് ആവശ്യപ്പെട്ടു.

സഭാ നിയമങ്ങള്‍ക്കും അതിരൂപതാധ്യക്ഷന്റെ നിര്‍ദ്ദേശങ്ങള്‍ക്കും വിരുദ്ധമായി മത്സരിക്കാന്‍ ഇറങ്ങിയതിനാലാണ് കാനോന്‍ നിയമം അനുസരിച്ച് വൈദികനെ വിലക്കിയതെന്ന് ബിഷപ്പ് ഹൗസ് പത്രക്കുറിപ്പില്‍ അറിയിച്ചു.

അതേസമയം മത്സരത്തിനിറങ്ങിയ സാഹചര്യത്തെക്കുറിച്ച് വെള്ളിയാഴ്ച പത്രസമ്മേളനം നടത്തുമെന്നാണ് ഫാ എംടി സ്റ്റീഫന്‍ പറയുന്നത്. തനിക്കെതിരായ നടപടിക്കുള്ള മറുപടി സഭക്ക് നല്കിയിട്ടുണ്ട്.

മത്സരിക്കാന്‍ സഭ അനുവദികാത്തതിനാലാണ് സ്വതന്ത്രസ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്നതെന്ന് പറഞ്ഞ ഇദ്ദേഹം രാഷ്ട്രീയ പാര്‍ട്ടികളുടെ അഴിമതിക്കും പാര്‍ശ്വവത്കരിക്കപ്പെട്ടവരോടുള്ള അവഗണനക്കുമെതിരെയാണ് താന്‍ മത്സരിക്കുന്നതെന്നും അവകാശപ്പെട്ടു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :