തിലകനെ അഭിനയിപ്പിക്കരുതെന്ന് നിര്‍‌ദേശം

Thilakan
WEBDUNIA|
PRO
PRO
വിനയന്‍ സംവിധാനം ചെയ്യുന്ന ‘യക്ഷിയും ഞാനും’ എന്ന ചിത്രത്തില്‍ അഭിനയിച്ചതിന് നടന്‍ തിലകനെ മറ്റ് സിനിമകളില്‍ അഭിനയിപ്പിക്കരുതെന്ന് ഫെഫ്ക, അമ്മ, പ്രൊഡ്യൂസേഴ്‌സ്‌ അസോസിയേഷന്‍ എന്നീ സംഘടനകള്‍ രഹസ്യ നിര്‍‌ദേശം നല്‍‌കിയതായി ആരോപണം. തിലകനോടൊപ്പം മാള അരവിന്ദന്‍, സ്ഫടികം ജോര്‍ജ്‌, ക്യാപ്റ്റന്‍ രാജു എന്നിവര്‍‌ക്ക് എതിരെയും ഉപരോധമുണ്ടെന്ന് അറിയുന്നു.

ആവശ്യപ്പെട്ടിരിക്കുന്നതിനാല്‍ 'ക്രിസ്ത്യന്‍ ബ്രദേഴ്സ്‌' എന്ന ചിത്രത്തില്‍ തിലകനെ അഭിനയിപ്പിക്കാന്‍ കഴിയില്ലെന്ന് ചിത്രത്തിന്റെ നിര്‍മാതാവ്‌ സുബൈര്‍ വെളിപ്പെടുത്തിയതോടെയാണ് ഉപരോധവിവരം മറനീക്കി പുറത്തുവന്നത്. ക്രിസ്ത്യന്‍ ബ്രദേഴ്സില്‍ തിലകനെ അഭിനയിപ്പിച്ചാല്‍ ഫെഫ്കയിലെ അംഗങ്ങള്‍ ചിത്രവുമായി സഹകരിക്കുകയില്ലെന്ന് സുബൈര്‍ വെളിപ്പെടുത്തുന്നു.

എന്നാല്‍ തങ്ങളുടെ സംഘടന ആര്‍ക്കും വിലക്ക്‌ ഏര്‍പ്പെടുത്തിയിട്ടില്ലെന്ന് ഫെഫ്ക പറയുന്നു. രേഖാ മൂലം യാതൊരു തരത്തിലുള്ള നിര്‍‌ദേശവും ലഭിച്ചിട്ടില്ലെന്ന് സുബൈറും വ്യക്തമാക്കി. വാക്കാലുള്ള നിര്‍ദേശമാണ്‌ സുബൈര്‍ അടക്കമുള്ള നിര്‍‌മാതാക്കള്‍ക്ക് ലഭിച്ചിരിക്കുന്നതെത്രെ. തനിക്കെതിരെയുള്ള ഉപരോധം ഒരു സൂപ്പര്‍‌താരത്തിന്റെ കളിയാണെന്ന് തിലകന്‍ ആരോപിച്ചുകഴിഞ്ഞു.

വിനയന്റെ ‘യക്ഷിയും ഞാനും’ എന്ന ചിത്രത്തില്‍ ഗൗതം, മേഘ്‌ന എന്നിവരാണ് കേന്ദ്രകഥാപാത്രങ്ങളാകുന്നത്. തിലകന്‍, ക്യാപ്റ്റന്‍ രാജു, ഇന്ദ്രന്‍സ്, മാള അരവിന്ദന്‍, ശിവാനി, സരിക തുടങ്ങിയവരാണ് മറ്റ് പ്രധാനതാരങ്ങള്‍. ഫെഫ്കയിലെ തന്നെ 11 പേര്‍ ഈ സിനിമയില്‍ സഹകരിച്ചിട്ടുണ്ട്‌. എന്നാല്‍ അവരെല്ലാം മറ്റ് സിനിമകളില്‍ പ്രവര്‍ത്തിക്കുമ്പോള്‍ തിലകനടക്കം 4 താരങ്ങള്‍ക്ക് മാത്രം വിലക്ക് ഏര്‍‌പ്പെടുത്തിയത് ന്യായീകരിക്കാനാവില്ലെന്ന് അമ്മയിലെ തന്നെ ചില അംഗങ്ങള്‍ പറയുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :