തിരുശേഷിപ്പ്‌ കവര്‍ച്ച: സൂത്രധാരനെ കിട്ടി

മാപ്രാണം - Mapranam
PRO
PRO
മാപ്രാണം തിരുശേഷിപ്പ്‌ മോഷണക്കേസില്‍ പോലീസ്‌ മുഖ്യ സൂത്രധാരനെന്ന്‌ പറഞ്ഞ്‌ അറസ്റ്റ്‌ ചെയ്ത അഭിലാഷ്‌ നിരപരാധിയാണെന്ന്‌ ഭാര്യ ചാന്ദിനിയും, ബന്ധുക്കളും ആരോപിച്ചു. അഭിലാഷിനെ ജ്യുഡീഷ്യല്‍ ഫാസ്റ്റ്‌ ക്ലാസ്‌ മജിസ്ട്രേറ്റ് പിഎന്‍ സീതയുടെ മുന്നില്‍ ഹാജരാക്കാന്‍ മജിസ്ട്രേറ്റിന്റെ വീട്ടില്‍ കൊണ്ട് വന്നപ്പോള്‍ വീടിന്‌ വെളിയില്‍ അഭിലാഷിന്റെ ഭാര്യയും, ബന്ധുക്കളും കാത്തു നില്‍പ്പുണ്ടായിരുന്നു.

മാധ്യമ പ്രവര്‍ത്തകരോട് വളരെ വികാരാഭരിതമായ രീതിയിലാണ്‌ അഭിലാഷിന്റെ ബന്ധുക്കള്‍ സംസാരിച്ചത്‌. കഴിഞ്ഞ ഇരുപതാം തീയതി വീട്ടിലേക്ക്‌ ഫോണ്‍ ചെയ്താണ്‌ അഭിലാഷിനെ പോലീസ്‌ സ്റ്റേഷനിലേക്ക്‌ വിളിപ്പിച്ചതെന്നും, പോലീസ്‌ ആരോപിക്കുന്നത്‌ പോലെ തന്റെ ഭര്‍ത്താവ് ഇതുവരെ യാതൊരു കേസ്സിലും പ്രതിയായിട്ടില്ലെന്ന്‌ ഭാര്യ ചാന്ദിനി മാധ്യമങ്ങളോട് പറഞ്ഞു.

കഴിഞ്ഞ ഇരുപതാം തീയതി മുതല്‍ അഭിലാഷിനെ അറസ്റ്റ്‌ പോലും രേഖപ്പെടുത്താതെ അന്യായമായി പോലീസ്‌ തടങ്കലില്‍ വെച്ച്‌ പീഡിപ്പിക്കുകയായിരുന്നുവെന്നും ഇവര്‍ ആരോപിക്കുന്നു. ബന്ധുകള്‍ പോലീസ്‌ സ്റ്റേഷനില്‍ അന്വേഷിച്ച്‌ ചെന്നപ്പോല്‍ അഭിലാഷിന്റെ അമ്മാവനും കേസ്സിലെ ഒന്നാം പ്രതിയുമായ കാര്‍ത്തികേയനെ കണ്ടെത്താന്‍ വേണ്ടിയാണ്‌ അഭിലാഷിനെ കസ്റ്റഡിയിലെടുത്തതെന്ന്‌ പോലീസ്‌ പറഞ്ഞതായി ഇവര്‍ പറഞ്ഞു.

തന്റെ ഭര്‍ത്താവിനെ കള്ളക്കേസ്സില്‍ കുടുക്കിയതാണെന്നും, ഇതിനെതിരെ മുഖ്യമന്ത്രിക്കും, ആഭ്യന്തര മന്ത്രിക്കും, ദേശീയ മനുഷ്യാവകാശ കമ്മീഷനും തൃശ്ശൂര്‍ എസ്‌പി ക്കും, ഡിവൈഎസ്‌പിക്കും പരാതി നല്‍കുമെന്നും ചാന്ദിനിയും, ബന്ധുക്കളും പറഞ്ഞു. മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കിയ അഭിലാഷിനെ 14 ദിവസത്തേക്ക്‌ റിമാന്റ് ചെയ്തു. ജാമ്യാപേക്ഷ വ്യാഴാഴ്ച്ച പരിഗണിക്കും.

ഇരിഞ്ഞാലക്കുട| WEBDUNIA|
ചിത്രങ്ങള്‍ക്കും വാര്‍ത്തയ്ക്കും കടപ്പാട്: ഡോട്ട് കോം



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :