തിരുവോണ സദ്യയ്ക്കുള്ള വിഭവങ്ങളുമായി തിരുവോണത്തോണിയെത്തി

പത്തനംതിട്ട| WEBDUNIA|
PRO
ഐതിഹ്യപ്പെരുമയില്‍ തിരുവാറന്മുളയപ്പന്‌ ഇന്ന്‌ തിരുവോണ സദ്യ. ആറന്മുള പാര്‍ത്ഥസാരഥി ക്ഷേത്രത്തിലെ തിരുവോണ സദ്യയ്ക്കുള്ള വിഭവങ്ങളുമായി തിരുവോണത്തോണിയെത്തി.

കാട്ടൂര്‍ മഹാവിഷ്ണു ക്ഷേത്രത്തില്‍നിന്നു പുറപ്പെട്ട തിരുവോണത്തോണി ഇന്നു രാവിലെയാണു ആറന്മുള ക്ഷേത്രക്കടവിലെത്തിയത്. കാട്ടൂര്‍ കരയിലെ 18 നായര്‍ തറവാടുകളില്‍നിന്നുള്ള വിഭവങ്ങളാണു തിരുവോണത്തോണിയിലെത്തിയത്.

ക്ഷേത്രക്കടവിലെത്തിയ തിരുവോണത്തോണിയില്‍നിന്നു മങ്ങാട്ട് ഭട്ടതിരിയെ സ്വീകരിച്ച് ആറന്മുള ക്ഷേത്രത്തിലേക്കു കൊണ്ടുപോയി. തോണിയില്‍ കൊണ്ടുവന്ന ദീപം അദ്ദേഹം ക്ഷേത്രം മേല്‍ശാന്തിക്കു കൈമാറി. ഈ ദീപമാണു ക്ഷേത്രത്തിലെ കെടാവിളക്കില്‍ വരുന്ന ഒരു വര്‍ഷം പ്രകാശിക്കുന്നത്‍.

പൂജകള്‍ക്കുശേഷം വിഭവസമൃദ്ധമായ തിരുവോണ സദ്യയും നടക്കും. ഭക്തര്‍ക്കൊപ്പം തിരുവോണസദ്യയുണ്ണാന്‍ ഭഗവാനുമെത്തുമെന്നാണു വിശ്വാസം. ചടങ്ങുകളില്‍ പങ്കെടുത്തു തിരുവോണ സദ്യ കഴിച്ച് അത്താഴ പൂജയും കഴിഞ്ഞു ഭട്ടതിരി മടങ്ങും.

തിരുവോണത്തോണിയുടെ ഐതിഹ്യം

ആറന്മുളയ്ക്കു കിഴക്കുള്ള കാട്ടൂര്‍ ഗ്രാമത്തില്‍ മങ്ങാട്ടുമഠത്തിലെ ഭട്ടതിരി എല്ലാ തിരുവോണനാളിലും വിഷ്ണുപൂജയുടെ ഭാഗമായി ഒരു ബ്രാഹ്മണനു കാല്‍കഴുകിച്ചൂട്ട് നടത്തിവന്നിരുന്നു. ഒരുവര്‍ഷം ഊണുകഴിക്കാനായി ആരും എത്തിയില്ല. വർഷങ്ങളായുള്ള തന്റെ വ്രതം മുടങ്ങുന്നതിൽ ദു:ഖിതനായ ഭട്ടതിരി ആറന്മുളഭഗവാനെ പ്രാര്‍ഥിച്ച് ഓണനാളില്‍ ഉപവസിക്കാന്‍ തീരുമാനിച്ചു.

അപ്പോള്‍ തേജസ്വിയായ ഒരു ബാലന്‍ ഭട്ടതിരിയുടെ ആതിഥ്യം സ്വീകരിക്കാനെത്തി. അന്ന് കാല്‍ കഴുകിച്ചൂട്ട് നടന്നതിനുശേഷം ബാലന്‍ അദ്ദേഹത്തോട് ഇനിയുള്ള കാലം ഓണത്തിനുള്ള വിഭവങ്ങൾ തയാറാക്കി ആറന്മുളയില്‍ എത്തിച്ചാല്‍ മതിയെന്നു പറഞ്ഞാണ് പോയതെന്നാണ് വിശ്വാസം.

മങ്ങാട്ടൂ ഭട്ടതിരി പിറ്റേവര്‍ഷംമുതല്‍ ഓണസദ്യയ്ക്കുള്ള വിഭവങ്ങള്‍ ഒരു തോണിയില്‍ നിറച്ച് ഉത്രാടനാളില്‍ കാട്ടൂരില്‍നിന്നു പുറപ്പെട്ട് തിരുവോണപ്പുലര്‍ച്ചയില്‍ ആറന്മുള ക്ഷേത്രക്കടവില്‍ എത്തിച്ചുതുടങ്ങി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :