നിയമസഭയ്ക്കുള്ളില്‍ വാക്കേറ്റത്തിനും കയ്യേറ്റത്തിനടുത്തുവരെ എത്താന്‍ ഇടയാക്കിയ കരണക്കുറ്റി പ്രയോഗം പിന്‍വലിക്കാന്‍ തയാറാണെന്ന് വിഎസ് അച്യുതാനന്ദന്‍. സ്പീക്കറെ വിഎസ് ഈക്കാര്യം ഔദ്യോഗികമായി അറിയിച്ചു. വിഎസ് നിയമസഭയ്ക്ക് പുറത്ത് ഇന്നലെ നടത്തിയ പരാമര്‍ശം ഇന്ന് നിയമസഭയ്ക്കകത്ത് ഭരണ-പ്രതിപക്ഷ അംഗങ്ങള്‍ തമ്മില്‍ വാക്കേറ്റത്തിലും കയ്യേറ്റത്തിലും എത്തിയിരുന്നു.
ഇതിനെത്തുടര്‍ന്ന് സഭാനടപടികള്‍ നിര്‍ത്തിവച്ചിരുന്നു. അടിയന്തരപ്രമേയം അംഗീകരിക്കുന്നില്ലെന്ന് പറഞ്ഞാല്‍ അതിനെ ചോദ്യം ചെയ്യാന്‍ പ്രതിപക്ഷത്തിന് അവകാശമുണ്ടെന്നും എന്നാല്‍ മറുപടി പറയാന്‍ എഴുന്നേറ്റ തിരുവഞ്ചൂര്‍ കരണക്കുറ്റിക്ക് അടി കൊടുക്കാവുന്ന മറുപടിയാണ് പറഞ്ഞതെന്നും അകലെയായിരുന്നതിനാലും അസംബ്ലിയിലായതിനാല്‍ അത് കിട്ടിയില്ലെന്നേയുള്ളൂവെന്നുമാണ് ഇന്നലെ വിഎസ് പറഞ്ഞത്.
ഇന്ന് അടിയന്തരപ്രമേയത്തിന് മറുപടി പറയാനായി ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എഴുന്നേറ്റതോടെയാണ് ബഹളം തുടങ്ങിയത്. വി എസ് അച്യുതാനന്ദന്‍ ബുധനാഴ്ച സഭയ്ക്ക് പുറത്തുവെച്ച് കൈയെത്തും ദൂരത്തായിരുന്നെങ്കില്‍ തിരുവഞ്ചൂരിന് കരണക്കുറ്റിക്ക് അടി കിട്ടിയേനെ എന്ന് പറഞ്ഞതിനെക്കുറിച്ചുള്ള പരമാര്‍ശമാണ് ബഹളം തുടങ്ങാന്‍ കാരണമായത്. അത് അവരുടെ സംസ്‌കാരമാണ് അത് മാറ്റേണ്ടതില്ല എന്ന് തിരുവഞ്ചൂര്‍ പറഞ്ഞതോടെയാണ് ബഹളം തുടങ്ങി.
പ്രതിപക്ഷ അംഗങ്ങള്‍ സഭയുടെ നടുത്തളത്തിലിറങ്ങി. ഇതോടെ ഭരണപക്ഷ അംഗങ്ങളും സീറ്റുകളില്‍ നിന്ന് എഴുന്നേറ്റു. തുടര്‍ന്ന് വാടാപോട വിളിയായി. മോശമായഭാഷയുടെ പ്രയോഗം നടന്നു. വിശിവന്‍കുട്ടിയും ബാബു എം പാലിശ്ശേരിയും പ്രതിപക്ഷനിരയ്ക്കടുത്തേക്ക് ഓടിയടുത്തു. പ്രതിപക്ഷവും മുന്‍നിരയിലേക്കെത്തി. ബെന്നി ബെഹ്‌നാനെ കയ്യേറ്റം ചെയ്യാനുള്ള ശ്രമമുണ്ടായി.