തലസ്ഥാനം സംഘര്‍ഷഭീതിയില്‍; പൊതു ശൌചാലയങ്ങള്‍ പൂട്ടാന്‍ നിര്‍ദ്ദേശം
തിരുവനന്തപുരം: |
WEBDUNIA|
PRO
PRO
എല്‍ഡിഎഫിന്റെ അനിശ്ചിതകാല ഉപരോധസമരത്തിന് മണിക്കൂറുകള്‍ മാത്രം ബാക്കിനില്‍ക്കെ തലസ്ഥാനം സംഘര്‍ഷമുനയില്‍. സമരക്കാരെ നേരിടാന്‍ സര്‍ക്കാരും പൊലീസും ശക്തമായ നടപടികള്‍ തുടങ്ങി. സെക്രട്ടറിയേറ്റിന്റേയും തലസ്ഥാന നഗരത്തിന്റേയും നിയന്ത്രണം കേന്ദ്രസേനയും പോലീസും ഏറ്റെടുത്തു. സമരം നേരിടാന്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. പൊതു ശൌചാലയങ്ങള്‍ പൂട്ടാന്‍ നിര്‍ദേശം നല്‍കി. ഇത് സംബന്ധിച്ച് കരാറുകാര്‍ക്കാണ് പൊലീസ് നോട്ടീസ് നല്‍കിയത്.
കേന്ദ്രസേനയ്ക്ക് പുറമെ അയ്യായിരത്തോളം പോലീസുകാരും നഗരത്തിലെത്തും. എംഎല്‍എ ഹോസ്റ്റലുകളിലും ഇടത് സര്‍വീസ് സംഘടനാ ഓഫീസുകളിലും സമരക്കാരെ താമസിപ്പിക്കുന്നതിന് വിലക്കേര്‍പ്പെടുത്തി. അതേസമയം പരമാവധി സംയമനം പാലിക്കാനും പോലീസിന് ഡിജിപി നിര്‍ദ്ദേശം നല്‍കി.
ഉപരോധ സമരം പരാജയപ്പെടുത്താന്‍ സര്‍ക്കാര്‍ പല നിലയ്ക്കും ശ്രമിക്കുന്നുണ്ട്. സമരക്കാരെ താമസിപ്പിക്കരുതെന്ന് ഹോട്ടലുകള്‍ക്ക് നിര്‍ദ്ദേശം നല്‍കുക, തലസ്ഥാനത്തെ വീടുകളില്‍ സമരക്കാരെ താമസിപ്പിക്കരുതെന്ന് നിര്‍ദ്ദേശം നല്‍കുക, കെഎസ്ആര്‍ടിയുടെ ദീര്‍ഘദൂര സര്‍വ്വീസുകള്‍ വെട്ടിച്ചുരുക്കുക, സമരക്കാരെ കൊണ്ടുവരുന്ന വണ്ടികളുടെ പെര്‍മിറ്റ് റദ്ദാക്കുമെന്ന് ഭീഷണിപ്പെടുത്തുക തുടങ്ങിയ കാര്യങ്ങളാണ് സര്‍ക്കാര്‍ ചെയ്യുന്നത്. കരുതല്‍ അറസ്റ്റിനും നീക്കമുണ്ട്. അതേസമയം എല്‍ഡിഎഫിന്റെ സെക്രട്ടറിയേറ്റ് ഉപരോധത്തിന് വടക്കന്‍ കേരളത്തില്‍ നിന്നുള്ള ആദ്യ സംഘം പുറപ്പെട്ടു. മലബാറിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി ഇരുപതിനായിരത്തിലധികം പേരാണ് തലസ്ഥാന നഗരിയിലേക്ക് ഇന്നും നാളെയുമായി എത്തുക.
വടക്കന്‍ കേരളത്തില്‍ കണ്ണൂരില്‍ നിന്നാണ് ഏറ്റവും അധികം പേര്‍ സെക്രട്ടറിയേറ്റ് ഉപരോധത്തില്‍ പങ്കെടുക്കുക. സമരത്തില്‍ പങ്കെടുക്കുന്നവരെ കൊണ്ടുപോകുന്ന സ്വകാര്യ ബസ്സുടമകള്‍ക്കെതിരെ നടപടിയുണ്ടാകുമെന്ന പോലീസിന്റെ മുന്നറിയിപ്പ് മറികടന്നാണ് കണ്ണൂരില്‍ നിന്നുള്ള ആദ്യ സംഘം പുറപ്പെട്ടത്. കണ്ണൂരില്‍ നിന്ന് മാത്രം പതിനായിരത്തിലധികം പേരാണ് ഉപരോധത്തില്‍ പങ്കെടുക്കുന്നത്. അയ്യായിരത്തിലധികം പേരാണ് കോഴിക്കോടു നിന്നും സമരത്തില്‍ പങ്കെടുക്കുന്നത്. മലപ്പുറത്തു നിന്നും 4000 പേരും കാസര്‍ഗോഡുനിന്ന് 3000 പേരും വയനാട്ടില്‍ നിന്ന് 1500 പേരും ഉപരോധ സമരത്തില്‍ പങ്കെടുക്കും. ട്രെയിനിലും സ്വകാര്യ ബസ്സുകളിലുമാണ് ഇവര്‍ തിരുവനന്തപുരത്തേക്ക് പോകുന്നത്.
അതേസമയം സര്‍ക്കാരിനെതിരായ നിര്‍ണ്ണായക രാഷ്ട്രീയ നീക്കത്തിന് പ്രതിപക്ഷം ഒരുങ്ങുമ്പോള്‍ കൂട്ടായ പ്രതിരോധം പോലും ഉയര്‍ത്താനാവാത്ത വിധം പ്രതിസന്ധിയിലാണ് യുഡിഎഫ് നേതൃത്വം. സമരത്തെ രാഷ്ട്രീയമായി നേരിടുമെന്ന് പ്രഖ്യാപനം നടത്തുമ്പോഴും പ്രതിരോധതന്ത്രങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനുള്ള കൂടിയാലോചന പോലും യുഡിഎഫില്‍ നടന്നിട്ടില്ല. സര്‍ക്കാരിന്റെ നടപടികള്‍ക്കെതിരെ ചീഫ് വിപ്പ് പി സി ജോര്‍ജും ആര്‍ ബാലകൃഷ്ണ പിള്ളയും രംഗത്തെത്തി. പട്ടാളത്തെ വിളിക്കേണ്ട സാഹചര്യമില്ലെന്ന് ആര്‍ ബാലകൃഷ്ണ പിള്ള പറഞ്ഞു. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ അതിരുവിടുന്നുവെന്നും അദ്ദേഹം പറഞ്ഞു.