തര്‍ക്കം, മാണി വിഭാഗം സ്ഥാനാര്‍ത്ഥി പ്രഖ്യാപനം വൈകും

കോട്ടയം| WEBDUNIA|
PRO
PRO
കോട്ടയം: സീറ്റ് വിഭജനത്തിനായി വിളിച്ചുചേര്‍ത്ത അടിയന്തര സ്‌റ്റിയറിംഗ് കമ്മിറ്റി യോഗം വാക്കേറ്റത്തില്‍ കലാശിച്ചതോടെ കേരളാ കോണ്‍ഗ്രസ്‌ (എം) സ്ഥാനാര്‍ത്ഥി പ്രഖ്യാപനം മാറ്റിവച്ചു. പട്ടിക ഞായറാഴ്ച പ്രഖ്യാപിക്കും എന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നവരുടെ അന്തിമ ലിസ്റ്റ്‌ കോണ്‍ഗ്രസുമായുള്ള ചര്‍ച്ചയ്ക്ക്‌ ശേഷം മാത്രമേ പ്രഖ്യാപിക്കുകയുള്ളൂവെന്ന്‌ പാര്‍ട്ടി ചെയര്‍മാന്‍ കെ എം മാണി കോട്ടയത്തറിയിച്ചു. എന്നാല്‍ തര്‍ക്കമില്ലാത്ത മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികളെ ഞായറാഴ്ച തന്നെ പ്രഖ്യാപിച്ചേക്കും.

ചങ്ങനാശേരി, തിരുവല്ല സീറ്റുകളില്‍ ആര്‌ മത്സരിക്കണമെന്നതിനെ ചൊല്ലിയാണ് പ്രധാനമായും തര്‍ക്കം നടന്നത് എന്നാണ് റിപ്പോര്‍ട്ട്. ഇതെച്ചൊല്ലി അംഗങ്ങള്‍ തമ്മില്‍ വാക്കേറ്റവുമുണ്ടായി. ഇക്കാരണത്താലാണ് മാണി പട്ടിക പുറത്തുവിടുന്നത് വൈകിപ്പിക്കാന്‍ തീരുമാനിച്ചത്.

തളിപ്പറമ്പ്, പേരാമ്പ്ര, ആലത്തൂര്‍ സീറ്റുകള്‍ വെച്ചുമാറുന്നതു സംബന്ധിച്ച് ചര്‍ച്ച ചെയ്യുമെന്ന് മാണി യോഗത്തിന് ശേഷം പറഞ്ഞു. കാഞ്ഞങ്ങാട് സീറ്റ് വിട്ടുതരണമെന്ന് കോണ്‍ഗ്രസിനോട് ആവശ്യപ്പെടുമെന്നും മാണി പറഞ്ഞു.

ഘടകകക്ഷികളുടെ കടും‌പിടുത്തങ്ങള്‍ മൂലം യു ഡി എഫിന്റെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം പാതിവഴിയില്‍ ഉടക്കിനില്‍ക്കുകയാണ്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :