തമിഴ്നാട്ടിലെ മലയാളികളുടെ ഓണാഘോഷ പരിപാടിയായ ‘ആവണിപ്പൂവരങ്ങ് - 2010’ സി ടി എം എയുടെ ആഭിമുഖ്യത്തില്‍ വിപുലങ്ങളായ പരിപാടികളോടെ ആഘോഷിക്കുന്നു. ഓഗസ്റ്റ് 28, 29 തീയതികളിലായി ചെന്നൈ പൂനമല്ലി ഹൈറോഡിലുള്ള സെന്‍റ് ജോര്‍ജ്ജ് ആംഗ്ലോ ഇന്ത്യന്‍ സ്കൂള്‍ അങ്കണത്തിലാണ് ആവണിപ്പൂവരങ്ങ് അരങ്ങേറുക. കേന്ദ്ര-സംസ്ഥാന മന്ത്രിമാരും സിനിമാതാരങ്ങളും ആഘോഷപരിപാടികളില്‍ സംബന്ധിക്കാന്‍ ചെന്നൈയില്‍ എത്തുമെന്ന് സി.ടി.എം.എ പ്രസിഡന്റ് എം നന്ദഗോവിന്ദ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
കള്ളവും ചതിയുമില്ലാത്ത നല്ല നാളുകളുടെ മധുരസ്മരണകള്‍ ഉണര്‍ത്തുന്ന ‘ഓണം’ എന്ന സങ്കല്‍പ്പത്തെ അതിന്‍റെ രുചിഭേദങ്ങളോടെ നാടിന്‍റെ പഴമയും നാട്ടറിവുകളും കൂട്ടിക്കലര്‍ത്തി വളരെ പുതുമയോടെ രംഗത്ത് അവതരിപ്പിക്കാനാണ് സി ടി എം എ ഒരുങ്ങുന്നത്. തമിഴ്നാടിനെയും കേരളത്തെയും ബന്ധിപ്പിക്കുന്ന സാംസ്കാരിക ഉല്‍ത്സവമായാണ് ആവണിപ്പൂവരങ്ങ് ആഘോഷിക്കുകയെന്ന് സംഘാടകര്‍ പറഞ്ഞു.
കേന്ദ്രമന്ത്രിമാര്‍, തമിഴ്നാട് - കേരള സംസ്ഥാന മന്ത്രിമാര്‍, തമിഴ് - മലയാളം സാംസ്കാരിക നായകര്‍, പൊലീസ് മേധാവികള്‍ തുടങ്ങിയവര്‍ ആവണിപ്പൂവരങ്ങില്‍ അതിഥികളായിരിക്കും. സിനിമാതാരം സലീം കുമാര്‍ അവതരിപ്പിക്കുന്ന കോമഡി ഷോ, സംഗീതലോകത്തെ പുതു തലമുറയിലെയും പഴയ തലമുറയിലെയും പ്രമുഖര്‍ പങ്കെടുക്കുന്ന സംഗീതനിശ, സാഹിത്യ സമ്മേളനങ്ങള്‍, കവിയരങ്ങ്, നാടോടികലാ പ്രദര്‍ശനം, സിനിമാതാരങ്ങള്‍ അണിനിരക്കുന്ന നൃത്ത നൃത്യങ്ങള്‍, ആയോധനകലകള്‍, മ്യൂസിക് ഫ്യൂഷന്‍ ഷോ തുടങ്ങിയവ ആവണിപ്പൂവരങ്ങിനെ ആഘോഷസമൃദ്ധമാക്കും.
കേരളീയ സംസ്കാരത്തിന്റെ കലാരൂപങ്ങള്‍ മാത്രമല്ല ഇക്കുറി ആസ്വാദകരെ തേടിയെത്തുക. തമിഴ്നാട്ടിലെ പരമ്പരാഗത കലാരൂപങ്ങളും ഇത്തവണ വേദികളില്‍ നിറയും. ചിലമ്പാട്ടം, നാദസ്വരക്കച്ചേരി തുടങ്ങിയവയും ആവണിപ്പൂവരങ്ങ് ആസ്വദിക്കാന്‍ എത്തുന്നവരെ കാത്തിരിക്കുന്നുണ്ട്.
കായികമത്സരം, പൂക്കളമത്സരം, ചിത്രരചന, തായമ്പക, ആയോധന കലകളുടെ പ്രകടനം, ചിലമ്പാട്ടം തുടങ്ങിയവയും അരങ്ങേറും. ജീവിതത്തിന്‍റെ വിവിധ രംഗങ്ങളില്‍ സഹായം അര്‍ഹിക്കുന്ന അമ്പതോളം നിര്‍ദ്ധനര്‍ക്ക് 10000 രൂപ വീതം അഞ്ച് ലക്ഷം രൂപയുടെ സാമ്പത്തിക സഹായം ആവണിപ്പൂവരങ്ങിന്‍റെ വേദിയില്‍ വിതരണം ചെയ്യും.
ബാലകൃഷ്ണന്‍ മാങ്ങാട് സ്മാരക ചെറുകഥാ പുരസ്കാരം, മേലൂര്‍ ദാമോദരന്‍ സ്മാരക കവിതാ പുരസ്കാരം, സി ടി എം എ സാഹിത്യ പുരസ്കാരം തുടങ്ങി ഒട്ടേറെ അവാര്‍ഡുകള്‍ ആവണിപ്പൂവരങ്ങ് വേദിയില്‍ വിതരണം ചെയ്യും. ഭാരതിരാജയുടെയും എം.എ അബ്രാഹമിന്റെയും പേരിലുള്ള സ്കോളര്‍ഷിപ്പുകളുടെ വിതരണവും ഇതോടൊപ്പം നടക്കും. ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തുന്നവര്‍ക്കും ആസ്വദിക്കാന്‍ എത്തുന്നവര്‍ക്കും വിഭവസമൃദ്ധമായ ഓണസദ്യയും ഉണ്ടായിരിക്കും.
ആവണിപ്പൂവരങ്ങിന്റെ ലോഗോ പ്രസിഡന്റ് എം. നന്ദഗോവിന്ദ്, ആവണിപ്പൂവരങ്ങ് ചെയര്‍മാന്‍ എം.എ. സലീമിന് നല്‍കി പ്രകാശിപ്പിച്ചു. ഹുസൈന്‍ ബാപ്പു, നവോദയ സുരേഷ്, പി.എന്‍. ശ്രീകുമാര്‍, സോമന്‍ കൈതക്കാട്, പി.എ. സുരേഷ് കുമാര്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.