സസ്പെന്‍ഷനില്‍ ആയിരുന്ന വിവാദ ഐ പി എസ് ഉദ്യോഗസ്ഥന്‍ ടോമിന്‍ ജെ തച്ചങ്കരിയെ സര്‍വ്വീസില്‍ തിരിച്ചെടുത്തു. വ്യാഴാഴ്ച സസ്‌പെന്‍ഷന്‍ കാലാവധി അവസാനിക്കാനിരിക്കെയാണ് ബുധനാഴ്ച ചേര്‍ന്ന മന്ത്രിസഭായോഗം അദ്ദേഹത്തെ സര്‍വ്വീസില്‍ തിരിച്ചെടുക്കാന്‍ തീരുമാനിച്ചത്.
സസ്‌പെന്‍ഷന്‍ കാലാവധി ലീവ് ആയി പരിഗണിക്കാനും മന്ത്രിസഭായോഗത്തില്‍ തീരുമാനമായി. ബുധനാഴ്ച രാത്രിയാണ് മുഖ്യമന്ത്രി ഇതു സംബന്ധിച്ച് ഉത്തരവില്‍ ഒപ്പിട്ടത്. സര്‍ക്കാര്‍ ഉത്തരവ് വ്യാഴാഴ്ച പുറത്തിറങ്ങും.
കണ്ണൂര്‍ റേഞ്ച് ഐ ജി ആയിരിക്കെയാണ് സര്‍ക്കാരിന്റെ അനുമതിയില്ലാതെ തച്ചങ്കരി വിദേശ യാത്ര നടത്തിയത്. തുടര്‍ന്ന് തച്ചങ്കരിയെ അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്യുകയായിരുന്നു. വിദേശയാത്രയ്ക്കിടെ തീവ്രവാദബന്ധമുള്ളവരുമായി കൂടിക്കാഴ്ച നടത്തിയെന്ന ആരോപണവും തച്ചങ്കരിക്കെതിരെ ഉയര്‍ന്നിരുന്നു. ഇതേത്തുടര്‍ന്ന് തച്ചങ്കരിയുടെ സസ്പെന്‍ഷന്‍ കാലാവധി എല്‍ ഡി എഫ് സര്‍ക്കാര്‍ നീട്ടിയിരുന്നു.
എന്നാല്‍ തച്ചങ്കരിക്കെതിരെ തീവ്രവാദ ബന്ധത്തിന് തെളിവില്ലെന്ന് എന്‍ ഐ എ പറഞ്ഞതിന്റെ അടിസ്ഥാനത്തില്‍ യു ഡി എഫ് സര്‍ക്കാര്‍ തച്ചങ്കരിയുടെ സസ്പെന്‍ഷന്‍ പിന്‍വലിച്ചിരുന്നു. തുടര്‍ന്ന് അദ്ദേഹത്തെ മാര്‍ക്കറ്റ് ഫെഡ് എം ഡിയായി നിയമിക്കുകയായിരുന്നു. ഇത് വിവാദമായതിനേത്തുടര്‍ന്ന് അദ്ദേഹത്തിന്റെ സസ്പെന്‍ഷന്‍ കാലാവധി വീണ്ടും നീട്ടുകയായിരുന്നു.