തച്ചങ്കരിക്ക് വിലങ്ങ് വീഴും

തിരുവനന്തപുരം| WEBDUNIA|
അനധികൃത സ്വത്തുക്കള്‍ വാരിക്കൂട്ടിയ ഐജി ടോമിന്‍ ജെ തച്ചങ്കരിയെ പ്രോസിക്യൂട്ട് ചെയ്യാന്‍ ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണന്‍ ശുപാര്‍ശ ചെയ്തു. പ്രോസിക്യൂഷനായി അനുമതി തേടണമെന്ന് മുഖ്യമന്ത്രി വി എസ് അച്യുതാനന്ദനോട് കോടിയേരി ആവശ്യപ്പെടുകയായിരുന്നു. 73 ലക്ഷം രൂപയുടെ അനധികൃത സ്വത്ത് തച്ചങ്കരി സമ്പാദിച്ചതായി വിജിലന്‍സ് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.

ആഭ്യന്തരമന്ത്രിക്കു വിജിലന്‍സ് കൈമാറിയ റിപ്പോര്‍ട്ട് അംഗീകരിച്ചു കൊണ്ടാണു ഇപ്പോള്‍ പ്രോസിക്യൂഷന്‍ അനുമതിക്കു ശുപാര്‍ശ ചെയ്തത്. 2002 മുതല്‍ 2007 വരെയുള്ള വാര്‍ഷിക സ്വത്തു വിവരങ്ങളും തച്ചങ്കരി സര്‍ക്കാരിനു സമര്‍പ്പിച്ചിരുന്നില്ല.

മുഖ്യമന്ത്രിയുടെ അനുമതി കിട്ടിയ ശേഷം ശുപാര്‍ശ കേന്ദ്ര പേഴ്‌സണല്‍ മന്ത്രാലയത്തിന്‌ കൈമാറുമെന്നാണറിവുന്നത്.

നേരത്തെ തച്ചങ്കരിയെ കണ്ണൂര്‍ റേഞ്ച് ഐ ജി സ്ഥാനത്ത് നിന്ന് മാറ്റിയിരുന്നു. സര്‍ക്കാറിന്റെ അനുമതിയില്ലാതെ വിദേശ യാത്ര നടത്തിയെന്ന കുറ്റത്തിലായിരുന്നു ഈ നടപടി. മുഖ്യമന്ത്രിയുടെയോ ആഭ്യന്തരമന്ത്രയുടെയോ ചീഫ് സെക്രട്ടറിയുടെയോ അനുമതിയില്ലാതെ സംസ്ഥാനത്തിന്റെ ക്രമസമാധാന ചുമതല വഹിക്കുന്ന ഒരാള്‍ വിദേശ യാത്ര നടത്തിയത് ചട്ടലംഘനമാണെന്ന് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :