ഐസ്ക്രീംകേസ്: പുനരന്വേഷണ സാധ്യത അന്വേഷിക്കും

തിരുവനന്തപുരം| WEBDUNIA|
PRO
ഐസ്ക്രീം പാര്‍ലര്‍ പെണ്‍വാണിഭക്കേസില്‍ പുനരന്വേഷണ സാധ്യത അന്വേഷിക്കുമെന്ന് ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. യു ഡി എഫ്‌ ഭരണകാലത്തുനടന്ന ജീര്‍ണതകളാണ്‌ ഇപ്പോള്‍ പുറത്തുവന്നു കൊണ്ടിരിക്കുന്നതെന്നും മന്ത്രി കൊല്ലത്തു പറഞ്ഞു.

വിശദമായ പരിശോധനകള്‍ക്ക്‌ ശേഷം കേസില്‍ ഉചിതമായ നടപടികള്‍ സ്വീകരിക്കും. ഇതു സംബന്ധിച്ച്‌ പൊലീസിന്‌ നിര്‍ദ്ദേശം നല്കിയിട്ടുണ്ട്‌. കുഞ്ഞാലിക്കുട്ടിക്ക് എതിരായ റൗഫിന്റെ ആരോപണങ്ങള്‍ ഗുരുതരമാണെന്നും ആഭ്യന്തരമന്ത്രി ആരോപിച്ചു.

അതേസമയം, കുഞ്ഞാലിക്കുട്ടിയെ കേസില്‍ നിന്ന്‌ സംരക്ഷിക്കാന്‍ സി പി എ പി ശശി ശ്രമിച്ചു എന്നത്‌ ആരോപണം മാത്രമാണെന്നും കോടിയേരി കൂട്ടിച്ചേര്‍ത്തു. ഇ കെ നായനാര്‍ സര്‍ക്കാരിന്റെ സമയത്ത് നായനാരുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി ശശിയുമായി കുഞ്ഞലിക്കുട്ടി നേരിട്ട് ഇടപാടുകള്‍ നടത്തിയിരുന്നെന്ന് കുഞ്ഞാലിക്കുട്ടിയുടെ ബന്ധു റൌഫ് കഴിഞ്ഞദിവസം വെളിപ്പെടുത്തിയിരുന്നു.

അതേസമയം, ഐസ്ക്രീം പാര്‍ലര്‍കേസിലെ കുറ്റക്കാര്‍ ശിക്ഷിക്കപ്പെടണമെന്ന്‌ സാംസ്കാരിക മന്ത്രി എം എ ബേബി പറഞ്ഞു. കേസ്‌ തേച്ചു മായ്ച്ചു കളയാന്‍ ശ്രമം നടന്നിട്ടുണ്ടെങ്കില്‍ അക്കാര്യവും പുറത്തു വരണമെന്നും അദ്ദേഹം പറഞ്ഞു.

കുഞ്ഞാലിക്കുട്ടിയുടേയും ബന്ധുവായ റൗഫിന്റെയും വെളിപ്പെടുത്തല്‍ അതീവ ഗൗരവമേറിയതാണെന്ന്‌ സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍. ഇരുവരും പുറത്ത്‌ പറഞ്ഞ കാര്യങ്ങളുടെ അടിസ്ഥാനത്തില്‍ നിയമ ഭരണ പൊലീസ്‌ അന്വേഷണവും നടപടികളും വേണമെന്ന്‌ പിണറായി വിജയന്‍ പ്രസ്‌താവനയില്‍ ആവശ്യപ്പെട്ടു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :