ഡോക്ടര്‍മാര്‍ക്ക് അവധി വേണം; പ്രസവ ശസ്‌ത്രക്രിയ റെക്കോര്‍ഡിട്ടു!

ആലപ്പുഴ| WEBDUNIA|
PRO
PRO
ചേര്‍ത്തല ഗവണ്‍‌മെന്റ് താലൂക്ക്‌ ആശുപത്രി ഗൈനക്കോളജി വിഭാഗത്തിലെ ഡോക്ടര്‍മാര്‍ക്ക് പെസഹ വ്യാഴം മുതല്‍ ഈസ്റ്റര്‍ വരെ തുടര്‍ച്ചയായി അവധി വേണം. ഗര്‍ഭിണികളെ കൂട്ടത്തോടെ നടത്തുക എന്നതാണ് ഇവര്‍ ഇതിന് കണ്ടെത്തിയ പോംവഴി! അടുത്ത ആഴ്ച കഴിഞ്ഞ് പ്രസവത്തിന് സാധ്യതയുള്ളവരെപ്പോലും നിര്‍ബന്ധിച്ച് ശസ്ത്രക്രിയയ്ക്ക് വിധേയരാക്കി എന്നാണ് ആരോപണം. ഏല്‍പ്പിച്ച ജോലി ചെയ്തു തീര്‍ക്കാതെ ഡോക്ടര്‍മാര്‍ക്ക് അവധിയില്‍ പോകാന്‍ പറ്റില്ലല്ലോ!

ഡോക്ടര്‍മാരുടെ നിര്‍ബന്ധപ്രകാരം 29 ഗര്‍ഭിണികളെയാണ് ശസ്‌ത്രക്രിയയ്ക്ക് വിധേയരാക്കിയത് എന്നാണ് റിപ്പോര്‍ട്ട്. പ്രസവ ശസ്‌ത്രക്രിയ റെക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നേറിയപ്പോള്‍ ആശുപത്രി സൂപ്രണ്ടിന് ഇടപെടേണ്ടി വന്നു. ഒടുവില്‍ ഇത്തരം ശസ്ത്രക്രിയകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിക്കൊണ്ട് സര്‍ക്കുലര്‍ ഇറക്കിയതിന്റെ ഫലമായാണ് ഡോക്ടര്‍മാര്‍ ഒന്നടങ്ങിയത്.

നവജാതശിശുക്കളും അമ്മമാരും പെരുകിയതോടെ ആശുപത്രിയില്‍ കിടക്കകളെല്ലാം നിറഞ്ഞുകവിഞ്ഞിരികുകയാണ്. ചോരക്കുഞ്ഞുങ്ങളെ തറയില്‍ കിടത്തേണ്ട ഗതികേടിലാണിപ്പോള്‍.

സംഭവം സംബന്ധിച്ച് ഉടന്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ആലപ്പുഴ ജില്ലാ കളക്ടര്‍ ഡി എം ഒയോട് ആവശ്യപ്പെട്ടു. ഇതെക്കുറിച്ച് ആരോഗ്യവകുപ്പ് ഡയറക്ടറുടെ നേതൃത്വത്തിലുള്ള സംഘം അന്വേഷിക്കുമെന്ന് ആരോഗ്യമന്ത്രി പി കെ ശ്രീമതി അറിയിച്ചു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :