കൈപ്പുഴമുട്ട് പാലത്തിനു സമീപം വെളളത്തില്‍ പൊങ്ങിയ നിലയില്‍ കണ്ടെത്തിയ അയ്മനം മര്യാതുരുത്ത് കുസുമവിലാസത്തില്‍ ഡെന്നിയെ (30) എട്ടംഗസംഘം ക്രൂരമായി കൊലചെയ്തതാണെന്ന് വ്യക്തമായി. മെഴുകുതിരി വാങ്ങാനായി സുഹൃത്തിനോട് രണ്ട് രൂപ ആവശ്യപ്പെട്ടതിനെ തുടര്‍ന്നുണ്ടായ വാക്കുതര്‍ക്കമാണ് ഡെന്നിയുടെ കൊലപാതകത്തില്‍ കലാശിച്ചത്. അതിക്രൂരമായാണ് എട്ടംഗസംഘം ഡെന്നിയെ കൊലപ്പെടുത്തിയതെന്ന് പൊലീസ് പറയുന്നു.
“കൈപ്പുഴമുട്ടില്‍ പുതിയതായി താമസത്തിനെത്തിയ ഡെന്നി മത്സ്യബന്ധനത്തിനും കമ്പിപ്പണിക്കും പോകുന്ന കൂലിപ്പണിക്കാരനാണ്. വൈകുന്നേരമായാല്‍ എന്നും ഇയാള്‍ കൈപ്പുഴമുട്ട് ഷാപ്പിലെത്തും. ഇക്കഴിഞ്ഞ ഫെബ്രുവരി 17-ന് ഷാപ്പില്‍ വച്ച് ഇയാള്‍ മെഴുകുതിരി വാങ്ങാന്‍ രണ്ടുരൂപ ആവശ്യപ്പെട്ടു. സുഹൃത്തതിന് വിസമ്മതിച്ചു. തുടര്‍ന്നുണ്ടായ വാക്കേറ്റം അടിപിടിയില്‍ കലാശിച്ചു. കരാട്ടെയില്‍ ബ്ലാക്ക് ബെല്‍റ്റ് നേടിയിട്ടുള്ള ഡെന്നി കൂട്ടുകാരനെയും ഒപ്പമുണ്ടായിരുന്നവരെയും മര്‍ദ്ദിച്ചതായും അറിവായിട്ടുണ്ട്.”
“ഡെന്നിയുടെ മര്‍ദ്ദനം ഏറ്റുവാങ്ങേണ്ടി വന്നവരും അവരുടെ സുഹൃത്തുക്കളും ചേര്‍ന്ന എട്ടംഗ സംഘം രാത്രിയോടെ കൈപ്പുഴമുട്ട് പാലത്തിന് സമീപത്ത് എത്തുകയും ഡെന്നിയെ കാത്ത് നില്‍ക്കുകയും ചെയ്തു. ഡെന്നി എത്തിയതോടെ സംഘം ഇയാളെ നേരിട്ടു. ഡെന്നിക്ക് കരാട്ടെ അറയാമെന്നതിനാല്‍ സംഘത്തില്‍ പെട്ട തങ്കേശന്‍ കയര്‍ കരുതിയിരുന്നു. ആക്രമണം ചെറുക്കാന്‍ ശ്രമിച്ച ഡെന്നിയെ സംഘം വരിഞ്ഞ് കെട്ടി മര്‍ദ്ദിക്കുകയായിരുന്നു.”
“കൈപ്പുഴമുട്ട് പാലത്തിന്റെ മുകളില്‍ വച്ചാണ് ഈ സംഭവം അരങ്ങേറിയത്. മര്‍ദ്ദനം സഹിക്കവയ്യാതായപ്പോള്‍ വാവിട്ട് നിലവിളിച്ചുകൊണ്ട് ഡെന്നി കുതറുകയും കെട്ടുപൊട്ടിച്ച് പാലത്തില്‍ നിന്ന് പുഴയിലേക്ക് ചാടുകയും ചെയ്തു. പുഴയില്‍ വീണ ഡെന്നി ദേഹത്തെ കെട്ടഴിക്കുന്നതില്‍ വിജയിച്ചു. ഡെന്നി നീന്തി രക്ഷപ്പെടാനുള്ള ശ്രമത്തിലാണെന്ന് മനസിലാക്കിയ സംഘത്തിലെ ഹരീഷ് പാറക്കഷണങ്ങള്‍ എടുത്തുകൊണ്ടുവന്ന് പുഴയിലേക്ക് എറിയാന്‍ തുടങ്ങി.”
“ഡെന്നി തല പൊക്കുമ്പോഴൊക്കെ ഹരീഷും സംഘവും പാറക്കഷണങ്ങള്‍ എറിഞ്ഞുകൊണ്ടിരുന്നു. അരമണിക്കൂറോളം ഇവര്‍ ഏറ് തുടരുകയും ഡെന്നിയെ കാണാതാവുകയും ചെയ്തു. പുഴയിലെ അവസാന ഓളവും നിലച്ചുവെന്ന് ഉറപ്പാക്കിയതിന് ശേഷമാണ് സംഘം സ്ഥലം വിട്ടത്. നാട്ടുകാര്‍ സംഭവത്തിന് ദൃക്‌സാക്ഷികള്‍ ആയി ഉണ്ടായിരുന്നുവെങ്കിലും ഡെന്നി നീന്തി രക്ഷപ്പെട്ട് കാണുമെന്നാണ് കരുതിയിരുന്നത്. എന്നാല്‍ പിറ്റേ ദിവസം രാവിലെ ഇയാളുടെ മൃതദേഹം കൈപ്പുഴമുട്ട് പാലത്തിനു സമീപം തോടരികിലെ കാട്ടില്‍ കണ്ടെത്തുകയായിരുന്നു.”
“സംഭവുമായി ബന്ധപ്പെട്ട് കൊച്ചുതറ തങ്കേശന്‍ (47), ഹരീഷ്‌ഭവനില്‍ ഹരീഷ് (25), തോട്ടുചിറ ജോമോന്‍ (23) എന്നിവര്‍ പിടിയിലായിട്ടുണ്ട്. ജയ്മോന്‍, രാജേഷ്, തങ്കച്ചന്‍, സജിമോന്‍, ബാബുക്കുട്ടന്‍, കുഞ്ഞുമോന്‍ എന്നിവരെ കിട്ടാനുണ്ട്. ഇവരില്‍ ജോമോന്‍ കേസില്‍ നേരിട്ടു പ്രതിയല്ല. ഹരീഷിനെ പാലക്കാട്ട് ഒളിച്ചു താമസിപ്പിക്കാന്‍ കൊണ്ടുപോയതിനാണ് ഇയാളെ പ്രതിചേര്‍ത്തത്. ഡെന്നിയെ മൃഗീയമായി എറിഞ്ഞ് കൊല്ലുകയായിരുന്നുവെന്ന് പിടിയിലായവര്‍ സമ്മതിച്ചിട്ടുണ്ട്” - പൊലീസ് പറയുന്നു.