ടിപി വധക്കേസ് പ്രതികള്‍ക്ക് മര്‍ദ്ദനം: ഡിജിപി അന്വേഷിക്കുമെന്ന് ചെന്നിത്തല

തിരുവനന്തപുരം| WEBDUNIA|
PRO
PRO
ടിപി വധക്കേസ് പ്രതികളെ മര്‍ദ്ദിച്ചെന്ന ആരോപണത്തെക്കുറിച്ച് ജയില്‍ ഡിജിപി അന്വേഷിക്കുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. സിപിഎമ്മിന് പ്രതികളുമായുള്ള ബന്ധം ജയില്‍ സന്ദര്‍ശനത്തിലൂടെ തെളിഞ്ഞെന്നും കൂട്ടിച്ചേര്‍ത്തു. വ്യാഴാഴ്ച രാത്രിയോടെ ജയിലിലെത്തിച്ച പ്രതികളെ ജയില്‍ വാര്‍ഡന്‍മാരുടെ നേതൃത്വത്തില്‍ മര്‍ദ്ദിച്ചെന്നാണ് ആരോപണം. സിപിഎം പോളിറ്റ് ബ്യൂറോ അംഗവും മുന്‍ ആഭ്യന്തരമന്ത്രിയുമായ കോടിയേരി ബാലകൃഷ്ണന്‍ ജയിലില്‍ സന്ദര്‍ശിച്ചു.

ജയില്‍ ജീവനക്കാരോട് അപമര്യാദയായി പെരുമാറിയതിന് ടിപി വധക്കേസിലെ ഒമ്പത് പ്രതികള്‍ക്കെതിരെ വിയ്യൂര്‍ പോലീസ് കേസെടുത്തിരുന്നു. വിയ്യൂര്‍ ജയില്‍ സൂപ്രണ്ടിന്റെ നിര്‍ദ്ദേശപ്രകാരമാണ് കേസെടുത്തിരിക്കുന്നത്. ഇവര്‍ ജയിലിലെ അച്ചടക്കം പാലിക്കുന്നില്ലെന്നും ജയില്‍ ജീവനക്കാരോട് അപമര്യാദയായി പെരുമാറിയെന്നുമാണ് അധികൃതര്‍ അറിയിക്കുന്നത്.

എന്നാല്‍ തങ്ങളെ ജയില്‍ ഉദ്യോഗസ്ഥര്‍ മര്‍ദ്ദിച്ചെന്നാണ് ടിപി ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതികള്‍ പറയുന്നത്. സിപിഎം നേതാവ് പി ജയരാജനും എംഎല്‍മാരായ സി രവീന്ദ്രനാഥ്, ബി ഡി ദേവസി, ബാബു എം പാലിശേരി സിപിഎം തൃശൂര്‍ ജില്ലാ സെക്രട്ടറി എ സി മൊയ്തീന്‍ എന്നിവരും കോടിയേരിക്കൊപ്പമുണ്ടായിരുന്നു.

ടി പി വധക്കേസ് പ്രതികളെ ജയിലിനകത്ത് ക്രൂരമായി മര്‍ദ്ദിച്ചെന്ന് കോടിയേരി ബാലകൃഷ്ണന്‍ പിന്നീട് മാധ്യമപ്രവര്‍ത്തകരോട് പ്രതികരിച്ചു. ആസൂത്രിതമായ മര്‍ദ്ദനമാണ് നടന്നത്. മര്‍ദ്ദനത്തിനെതിരെ ജുഡീഷ്യല്‍ അന്വേഷണം നടത്താന്‍ സര്‍ക്കാര്‍ തയ്യാറാകണം. ഉന്നതതല അന്വേഷണത്തിനൊപ്പം മനുഷ്യാവകാശ കമ്മീഷന്‍ തടവുകാരെ സന്ദര്‍ശിക്കണമെന്നും ടി പി വധക്കേസിലെ പ്രതികളെ സന്ദര്‍ശിച്ചശേഷം കോടിയേരി പറഞ്ഞു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :