ടി പി വധക്കേസിലെ സാക്ഷി വിസ്താരത്തിനിടെ ടി പിയുടെ ഭാര്യ കെ കെ രമ കോടതില്‍ പൊട്ടിക്കരഞ്ഞു. കൊല്ലപ്പെട്ട സമയത്ത് ടി പി ധരിച്ച വസ്ത്രങ്ങള്‍ തിരിച്ചറിയാനായി രമയുടെ മുന്നില്‍ ഹാജരാക്കിയപ്പോള്‍ അവര്‍ നിയന്ത്രണം വിട്ട് പൊട്ടിക്കരയുകയായിരുന്നു. ടി പിയോട് സിപിഎമ്മിലെ നേതാക്കള്‍ക്ക് കടുത്ത ശത്രുത ഉണ്ടായിരുന്നുവെന്നു രമ കോടതിയില്‍ മൊഴി നല്‍കി.
ടി പി കൊല്ലപ്പെടുന്നതിന് നാലുമാസം മുന്‍പ്, സി പി എം നേതാവായിരുന്ന പി മോഹനന്‍ ടി പിയേയും പ്രസ്ഥാനത്തെയും അവസാനിപ്പിക്കുമെന്ന് പറഞ്ഞിരുന്നു. പി മോഹനനു ടിപിയോടു ശത്രുത ഉണ്ടായിരുന്നു. ടിപിക്ക് അധികം ആയുസില്ലെന്നും മോഹനന്‍ പറഞ്ഞിരുന്നു.
ടി പിക്കെതിരെ ഗൂഢാലോചന നടക്കുന്നതായി കത്ത് ലഭിച്ചിരുന്നു. സൂക്ഷിക്കണമെന്ന മുന്നറിയിപ്പ് കത്തില്‍ ഉണ്ടായിരുന്നു. തനിക്കെന്തെങ്കിലും സംഭവിച്ചാല്‍ പിടിച്ചു നില്‍ക്കണമെന്നു ടി പി പറഞ്ഞിരുന്നതായും രമ മൊഴി കൊടുത്തു. പാര്‍ട്ടിയെ കുറിച്ചു ടിപി പറഞ്ഞത് ആവര്‍ത്തിച്ചപ്പോഴാണ് വിതുമ്പിയത്. ഈ കത്ത് കോടതിയില്‍ സമര്‍പ്പിച്ചു.
ടി പിയോട് സിപിഎമ്മിന് കടുത്ത ശത്രുത ഉണ്ടായിരുന്നുവെന്നും അദ്ദേഹത്തെ മൃഗീയമായി കൊല്ലുമെന്ന് സിപിഎം നേതാക്കള്‍ പ്രസംഗിച്ചിരുന്നുവെന്നും മറ്റുമുള്ള മൊഴി നല്‍കാനാണ് രമയേയും മകന്‍ അഭിനന്ദിനേയും പ്രോസിക്യൂഷന്‍ സാക്ഷിയാക്കിയത്.
പ്രത്യേക അന്വേഷണ സംഘത്തിന്റെ തെളിവെടുപ്പില്‍ കേസിലെ ഒമ്പതാം പ്രതിയും സിപിഎം ഒഞ്ചിയം ഏരിയാ സെക്രട്ടറിയും എന്‍ജിഒ യൂണിയന്‍ മുന്‍ സംസ്ഥാന നേതാവുമായിരുന്ന സി എച്ച് അശോകന്‍, സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറിയേറ്റ് അംഗവും പതിനാലാം പ്രതിയുമായ പി മോഹനന്‍ എന്നിവര്‍ ടി പിയെ വധിക്കുന്നതിനുള്ള ഗൂഡാലോചനയില്‍ പങ്കാളികളായിരുന്നുവെന്ന് രമ നേരത്തെ മൊഴി നല്‍കിയിരുന്നു.