ടാങ്കര്‍ പൊട്ടിത്തെറി: മരണം രണ്ടായി

കണ്ണൂര്‍| WEBDUNIA|
PRO
PRO
കണ്ണൂര്‍ ചാല ബൈപ്പാസില്‍ ഓടിക്കൊണ്ടിരുന്ന എല്‍പിജി ടാങ്കര്‍ ലോറി പൊട്ടിത്തെറിച്ചുണ്ടായ ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം രണ്ടായി. ചാല സ്വദേശി അബ്ദുള്‍ അസീസ്‌ (55) ആണ്‌ മരിച്ചത്‌. ഗുരുതരമായി പൊള്ളലേറ്റു പരിയാരം മെഡിക്കല്‍ കോളജ്‌ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു ഇയാള്‍.

അപകടത്തില്‍ ചാല ഭഗവതിക്ഷേത്രത്തിനു സമീപത്തെ കുളങ്ങരവീട്ടില്‍ കേശവന്റെ ഭാര്യ ശ്രീലത (47) രാവിലെ മരിച്ചിരുന്നു. ശ്രീലതയുടെ ഭര്‍ത്താവ്‌ കേശവന്‍ ഗുരുതരനിലയില്‍ കൊയിലി ആശുപത്രിയില്‍ ഐസിയുവിലാണ്‌. മരിച്ച അബ്ദുള്‍ അസീസിന്റെ അടുത്ത ബന്ധുക്കളും പൊള്ളലേറ്റ് ചികിത്സയിലാണ്‌.

തിങ്കളാഴ്ച അര്‍ധരാത്രിയോടെ ചാല ക്ഷേത്രത്തിനു സമീപമാണു സംഭവം നടന്നത്. കോഴിക്കോട്ടു നിന്ന് കണ്ണൂര്‍ ഭാഗത്തേയ്ക്ക് വരികയായിരുന്ന ടാങ്കര്‍ ലോറി ഡിവൈഡറില്‍ തട്ടി മറിഞ്ഞാണ് അപകടം ഉണ്ടായത്. ഡിവൈഡറില്‍ റിഫ്ളക്റ്റര്‍ ഉണ്ടായിരുന്നില്ല. അപകടം നടന്ന ഉടന്‍ തന്നെ ടാങ്കറിന്റെ ഡ്രൈവര്‍ ഓടി രക്ഷപെട്ടു.

പ്രദേശത്ത് ഉഗ്രസ്ഫോടനമുണ്ടായതായി ദൃക്സാക്ഷികള്‍ പറഞ്ഞു‍. പരിസരത്തെ അഞ്ചു വീടുകല്‍ പൂര്‍ണ്ണമായും ഒരു വീട് ഭാഗികമായും കത്തിനശിച്ചു. വാഹനങ്ങള്‍ക്കും കടകള്‍ക്കും തീപിടിച്ചു. ഒരു കിലോമീറ്റര്‍ ചുറ്റളവിലുള്ള ആളുകളെ പൊലീസ് ഒഴിപ്പിച്ചിട്ടുണ്ട്. കണ്ണൂരില്‍ നിന്നുള്ള മൂന്നു ഫയര്‍ഫോഴ്സ് യൂണിറ്റ് എത്തിയാണ് തീയണച്ചത്.

അപകടത്തെക്കുറിച്ച്‌ അന്വേഷിക്കാന്‍ പ്രത്യേക പോലീസ്‌ സംഘത്തെ നിയോഗിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്‌. കണ്ണൂര്‍ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക പോലീസ്‌ സംഘമാകും അന്വേഷണം നടത്തുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :