ഇടുക്കിയിലെ ഇടതു സ്ഥാനാര്‍ഥി ജോയ്സ് ജോര്‍ജിന് തെരഞ്ഞെടുപ്പില്‍ മല്‍സരിക്കാമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസര്‍ നളിനി നെറ്റോ. അദ്ദേഹത്തിനെതിരെ സര്‍ക്കാര്‍ നടത്തുന്ന അന്വേഷണങ്ങള്‍ പരിശോധിക്കുമെന്നും അവര്‍ അറിയിച്ചു.
തെരഞ്ഞെടുപ്പു നിയമങ്ങള്‍ക്കനുസരിച്ചുള്ള അന്വേഷണമാവും ഉണ്ടാവുക. റവന്യു മന്ത്രിയുടെ നിര്‍ദേശത്തെ തുടര്‍ന്ന് വകുപ്പു സെക്രട്ടറി വഴിയാണ് അന്വേഷണം.
ജോയ്സ് ജോര്‍ജിന്റെ കൊട്ടാക്കമ്പൂര്‍ വില്ലേജിലെ ഭൂമിയിടപാട് സംബന്ധിച്ച് നാമനിര്‍ദേശ പത്രികയില്‍ നല്‍കിയ വിവരങ്ങള്‍ പരിശോധിക്കുമെന്ന് റവന്യു സെക്രട്ടറി സത്യജിത് രാജന്‍ പറഞ്ഞു. ഭൂമിയുടെ രേഖകള്‍ ഹാജരാക്കാന്‍ ഉദ്യോഗസ്ഥര്‍ക്കു നിര്‍ദേശം നല്‍കി.
എന്നാല്‍ തിരഞ്ഞെടുപ്പു ചട്ടങ്ങള്‍ക്കു വിധേയമായി അന്വേഷണം മുന്നോട്ടു കൊണ്ടു പോകുമെന്നും റവന്യൂ സെക്രട്ടറി സത്യജിത് രാജന്‍ പറഞ്ഞു. ഭൂമിയുടെ പട്ടയം വ്യാജമാണോ, ഇത് കൈമാറ്റം ചെയ്യാന്‍ കഴിയുന്നതാണോ എന്നീ കാര്യങ്ങളില്‍ അന്വേഷിക്കാനാണ് തീരുമാനം. ഭൂമിയിടപാട് സംബന്ധിച്ച് നടന്ന ആരോപണം അന്വേഷിക്കാന്‍ മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ മുഖ്യ വനപാലകന്‍ വി ഗോപിനാഥിനു നേരത്തെ നിര്‍ദേശം നല്‍കിയിരുന്നു.