ജിഷ വധക്കേസ്: കൊലയ്ക്ക് ശേഷം പ്രതി ആദ്യം പെരുമ്പാവൂരില്‍, പിറ്റേന്ന് രാവിലെ അസമിലേക്ക്; പിടിക്കപ്പെടുമെന്ന് തോന്നിയപ്പോള്‍ ചെന്നൈയിലേക്ക് - ജിഷയുടെ ഘാതകന്‍ സഞ്ചരിച്ച വഴികള്‍

പെരുമ്പാവൂർ ജിഷ വധക്കേസിലെ കൊലയാളിയുടെ അറസ്റ്റ് ഉടന്‍ രേഖപ്പെടുത്തുമെന്ന് പൊലീസ്.

പെരുമ്പാവൂർ, ജിഷ, കൊലപാതകം perumbavoor, jisha, murder
പെരുമ്പാവൂർ| സജിത്ത്| Last Updated: വ്യാഴം, 16 ജൂണ്‍ 2016 (17:52 IST)
വധക്കേസിലെ കൊലയാളിയുടെ അറസ്റ്റ് ഉടന്‍ രേഖപ്പെടുത്തുമെന്ന് പൊലീസ്. കൊലയാളി പിടിയിലായ അസം സ്വദേശി അമിയൂര്‍ ഇസ്ലാം (23) തന്നെയെന്ന് ഡി ജി പി സ്ഥിരീകരിച്ചു. കൊലപാതകം നടത്തിയ ഏപ്രില്‍ 28നു രാത്രി 8.30 വരെ പെരുമ്പാവൂരില്‍ ഉണ്ടായിരുന്നതായി പ്രതി സമ്മതിച്ചു. തുടര്‍ന്ന് അവിടെനിന്നും ആലുവ റയില്‍‌വേ സ്റ്റേഷനിലേക്ക് പോവുകയും അസമിലേക്കുള്ള ട്രെയിന്‍ സമയം അന്വേഷിക്കുകയും ചെയ്തു. തുടര്‍ന്ന് ആ ദിവസം അവിടെ ചുറ്റിതിരിഞ്ഞ പ്രതി 29ന് രാവിലെ അസമിലേക്ക് പോകുകയായിരുന്നു.

കുറച്ചു ദിവസങ്ങള്‍ക്കു ശേഷം അസമില്‍ നിന്നും പ്രതി തന്റെ സുഹൃത്തുക്കളെ വിളിച്ച് ഒന്നും അറിയാത്ത പോലെ ഈ കേസിന്റെ കാര്യങ്ങള്‍ അന്വേഷിച്ചിരുന്നു. തങ്ങള്‍ ഉള്‍പ്പടെയുള്ള എല്ലാവരേയും ഈ കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്തതായി സുഹൃത്തുക്കള്‍ പറഞ്ഞതിനനുസരിച്ച് ഈ അന്വേഷണം തന്നിലേക്കും എത്തിയേക്കാമെന്ന സാധ്യത മുന്‍ നിര്‍ത്തി പ്രതി അസമില്‍ നിന്നും ചെന്നൈലേക്ക് പോകുകയും തന്റെ ഫോണ്‍ ഓഫ് ചെയ്യുകയും ചെയ്തു. എന്നാല്‍ ഈ കൊലപാതകത്തിനു ശേഷം ഓഫായതും പിന്നീടെപ്പോളെങ്കിലും ഓണ്‍ ആകുന്നതുമായ ഫോണുകള്‍ പൊലീസ് നിരീക്ഷിച്ചിരുന്നു. ഇതിനിടയിലാണ് കേരളാ തമിഴ്നാട് അതിര്‍ത്തിയില്‍ വച്ചാണ് ഇയാളുടെ ഫോണ്‍ ഓണ്‍ ആയത്. തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.

പെരുമ്പാവൂരിലെ ഒരു സ്കൂളിന്റെ പണിക്കായാണ് താന്‍ എത്തിയതെന്ന് പ്രതി വ്യക്തമാക്കി. കൃത്യം നടത്തുകയെന്ന ഉദ്ദേശത്തോടെയാണ് താന്‍ അവരുടെ വീട്ടിലെത്തിയതെന്ന് പ്രതി സമ്മതിച്ചു. അതുകൊണ്ടാണ് താന്‍ കത്തി കരുതിയിരുന്നതെന്നും പ്രതി പൊലീസിനോട് പറഞ്ഞു. അതേസമയം ഇയാള്‍ക്ക് ലൈംഗിക വൈകൃത സ്വഭാവമുള്ളതായും സൂചനയുണ്ട്. മൂന്ന് ദിവസമായി ഇയാള്‍ കസ്റ്റഡിയിലുള്ളതായാണ് സൂചന. ജിഷയുടെ വീടിന്റെ പണിക്ക് എത്തിയപ്പോഴാണ് ഇരുവരും തമ്മില്‍ സൗഹൃദത്തിലാകുന്നത്. ജിഷയുടെ വീട്ടില്‍നിന്ന് 200 മീറ്റര്‍ അകലെയാണ് പ്രതിയും കൂട്ടുകാരും താമസിച്ചിരുന്നത്.

അമിയൂര്‍ ഇസ്ലാം ജിഷയുടെ സുഹൃത്തായിരുന്നുവെന്നും പിന്നീട് ബന്ധം മുറിയുകയുമായിരുന്നു. ഇതിന്റെ പകയാണ് കൊലപാതകത്തിന് കാരണമായതെന്നും റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നുണ്ട്. കൊലയാളി ധരിച്ചിരുന്നതായി സംശയിക്കുന്ന കറുത്ത റബ്ബർ ചെരുപ്പു വാങ്ങിയ കടയുടമയുടെ മൊഴികളും അന്വേഷണത്തിനു സഹായകരമായിട്ടുണ്ട്.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :