ജിഷ വധം: ആളിക്കത്തിയ പ്രതിഷേധങ്ങളെല്ലാം കെട്ടടങ്ങുന്നു; രൂക്ഷമായി പ്രതികരിച്ച പലരും മൌനത്തില്‍

ജിഷയുടെ ഘാതകന്‍ ആരെന്ന ചോദ്യത്തിന് ഉത്തരം നല്‍കേണ്ട കടമ പുതിയ സര്‍ക്കാറിനുണ്ട്.

പെരുമ്പാവൂര്, ജിഷ, കൊലപാതകം perumbavoor, jisha, murder
പെരുമ്പാവൂര്| സജിത്ത്| Last Modified തിങ്കള്‍, 23 മെയ് 2016 (11:02 IST)
പെരുമ്പാവൂര്‍ കുറുപ്പംപടിയില്‍ നിയമ വിദ്യാര്‍ത്ഥിനി കൊല്ലപ്പെട്ടിട്ട് 24 ദിവസം കഴിയുകയാണ്. ഈ കേസ് പുതിയ സര്‍ക്കാരിന് വലിയ വെല്ലുവിളി ഉയര്‍ത്തും. പലതരത്തിലുള്ള അന്വേഷണങ്ങള്‍ നടന്നിട്ടും കേസിന്റെ കാര്യത്തില്‍ ഇതുവരെയും കാര്യമായ ഒരു പുരോഗതിയും ഉണ്ടായിട്ടില്ല. തെളിവുകള്‍ നശിപ്പിക്കാന്‍ കൂട്ടുനിന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കുക, വനിത ഐ പി എസ് ഉദ്യോഗസ്ഥയുടെ നേതൃത്വത്തില്‍ അന്വേഷണസംഘം പുനഃസംഘടിപ്പിക്കുക എന്നീ രണ്ട് പോംവഴികളാണ് പുതിയ സര്‍ക്കാറിന്റെ മുന്നിലുള്ളത്. പക്ഷേ, ഇത് രണ്ടും നടപ്പാക്കിയാലും ജിഷയുടെ ഘാതകന്‍ ആരെന്ന ചോദ്യത്തിന് ഉത്തരം നല്‍കേണ്ട കടമ പുതിയ സര്‍ക്കാറിനുണ്ട്. അന്വേഷണത്തെ സഹായിക്കുന്ന തെളിവുകള്‍ ഒന്നും അവശേഷിച്ചിട്ടില്ലെന്നിരിക്കെ ഘാതകരെ പിടികൂടുമെന്ന് ഉറപ്പിച്ചുപറയാന്‍ പൊലീസ് അധികാരികള്‍ക്കും കഴിയാത്ത അവസ്ഥയാണ് നിലവിലുള്ളത്.

അതേസമയം തെരഞ്ഞെടുപ്പിന് മുന്‍പ് കാട്ടിക്കൂട്ടിയ സമര പരമ്പരകളൊക്കെ രാഷ്ട്രീയ വ്യത്യാസമില്ലാതെ മിക്കവരും സൗകര്യപൂര്‍വം മറന്നുകഴിഞ്ഞ അവസ്ഥയാണ് ഇപ്പോള്‍ പെരുമ്പാവൂരിലുള്ളത്. യുവജന സംഘടനകളും രാഷ്ട്രീയ പാര്‍ട്ടികളും ദളിത് സംഘടനകളുമെല്ലാം സമരങ്ങള്‍ക്ക് നേതൃത്വം നല്‍കിയിരുന്നു. അതിതീവ്രമായി സമരവും പ്രചാരണങ്ങളും നടത്തിയിരുന്ന മറ്റാരെയും ഇപ്പോള്‍ ആ പരിസരത്ത് കാണാനില്ല. ഇപ്പോള്‍ എല്‍ ഡി എഫിന്റെ നേതൃത്വത്തിലുള്ള രാപകല്‍ സമരം മാത്രമാണ് പറയത്തക്ക രീതിയില്‍ നടക്കുന്നത്. അവിടെയും ആളുകള്‍ കുറഞ്ഞ അവസ്ഥയാണ്.

നിയമപാലകരേയും നാട്ടുകാരേയുമെല്ലാം ആക്രമിച്ചും പട്ടണം സ്തംഭിപ്പിച്ചും എല്ലാം സമരത്തിന്റെ രൂപം പലപ്പോഴും മാറിയിരുന്നു. എന്നാല്‍, ആളിക്കത്തിയ പ്രതിഷേധങ്ങള്‍ ഒന്നുപോലും ഇപ്പോള്‍ നിലവില്‍ ഇല്ല. മുന്‍പ് രൂക്ഷമായി വിഷയത്തില്‍ പ്രതികരിച്ച പലരും മൗനത്തിലായി. പുതിയ സര്‍ക്കാര്‍ അധികാരം ഏറ്റെടുക്കുന്നതോടെ അന്വേഷണത്തില്‍ കാര്യമായ പുരോഗതി ഉണ്ടാകുമെന്നാണ് രാപകല്‍ സമരം നടത്തിവരുന്ന എല്‍ ഡി എഫിന്റെ പ്രതീക്ഷ. ദേശീയതലത്തില്‍ ശ്രദ്ധിക്കപ്പെട്ട സംഭവം ആയതുകൊണ്ടുതന്നെ പ്രതികളെക്കുറിച്ച് ധാരണയെങ്കിലും ആകാതെ സമരം അവസാനിപ്പിക്കാന്‍ കഴിയാത്ത നിലയിലാണ് എല്‍ ഡി എഫ്. വിവിധ നേതാക്കളും പ്രവര്‍ത്തകരും മാറി മാറി സമരത്തില്‍ പങ്കെടുത്ത് സമരം ശക്തമായിത്തന്നെ നിലനിര്‍ത്താന്‍ ഇടതുമുന്നണിക്ക് കഴിയുന്നുണ്ട്.

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :