aparna shaji|
Last Modified ശനി, 21 മെയ് 2016 (16:19 IST)
ജിഷ കൊല്ലപ്പെട്ടിട്ട് ആഴ്ചകൾ കഴിഞ്ഞിട്ടും പ്രതികളെ പിടികൂടാനോ നിർണായക തെളിവുകൾ കണ്ടെത്താനോ പൊലീസിനായിട്ടില്ല. പൊലീസ് ഇപ്പോഴും ഇരുട്ടിൽ തപ്പുകയാണ്. പുതിയ സർക്കാർ അധികാരത്തിലെത്തുമ്പോൾ ആദ്യം അന്വേഷിക്കേണ്ടത് ജിഷ കൊലക്കേസ് ആണെന്ന്
വി എസ് അച്യുതാനന്ദൻ പിണറായി വിജയനോട് പറഞ്ഞിരുന്നു.
വളരെ നിഷ്ഠൂരമായി കൊല ചെയ്യപ്പെട്ട ജിഷയ്ക്ക് നീതി ലഭിക്കേണ്ടത് ആവശ്യമാണ് എന്ന് അറിയിച്ച് കൊണ്ട് തെരഞ്ഞെടുപ്പ് പ്രചരണ സമയത്ത്
പിണറായി വിജയൻ വ്യക്തമാക്കിയിരുന്നു. ജിഷ നമ്മുടെ നാടിന്റെ നൊമ്പരമാണ് ജിഷയ്ക്കുസംഭവിച്ചത്, ഇനി ഒരു കുട്ടിക്കും സംഭവിക്കരുത്. ജിഷയ്ക്ക് നീതി ലഭിക്കണം എന്നുമായിരുന്നു അദ്ദേഹം ഫെയ്സ്ബുക്കിൽ കുറിച്ചത്. ഇത് തെരഞ്ഞെടുപ്പ് ഫലം വരുന്നതിന് മുൻപുള്ള കാര്യം. ഇത് അധികാരത്തിലെത്തുമ്പോൾ പ്രവൃത്തിയിൽ കാണുമോ എന്നാണ് എല്ലാവരുടേയും ചോദ്യം.
ജിഷയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് പിണറായി പറഞ്ഞ ഈ വാക്കുകൾ നടപ്പിലാക്കുമെന്ന പ്രതീക്ഷയിലാണ് ജനങ്ങൾ. പിണറായി സർക്കാരിന് ജിഷയുടെ ഘാതകരെ പിടികൂടാൻ സാധിക്കുമോ? അതോ.. നിലവിലുള്ള അന്വേഷണം പോലെതന്നെയാകുമോ ഇനിയും എന്ന ആശങ്കയിലാണ് സമൂഹം. ജിഷയുടെ കൊലപാതകിയെ പിടികൂടാൻ പൊലീസിന് കഴിയാത്തതിൽ ആശങ്ക അറിയിച്ച് ജീവിക്കാൻ ഭയമാണെന്ന് അറിയിച്ച് ഒരു കൂട്ടം സ്ത്രീകൾ പിണറായി വിജയന് കത്തെഴുതിയിരുന്നു. ഇതിന് മറുപടി നൽകേണ്ടത് ഭരണത്തിലേക്ക് ചുവടുകൾ വെക്കുന്ന പുതിയ സർക്കാരാണ്.