ജനപ്രതിനിധികള്‍ കടമ നിറവേറ്റാത്തത് ആശങ്കാജനകം: രാഷ്ട്രപതി

തിരുവനന്തപുരം| WEBDUNIA| Last Updated: ബുധന്‍, 23 ഏപ്രില്‍ 2014 (13:35 IST)
PTI
ജനപ്രതിനിധികള്‍ ജനങ്ങളോടുള്ള കടമകള്‍ നിര്‍വഹിക്കാത്തത് ആശങ്കാജനകമാണെന്ന് രാഷ്ട്രപതി പ്രണബ് മുഖര്‍ജി. നിയമസഭ വര്‍ഷത്തില്‍ നൂറ് ദിവസമെങ്കിലും ചേരുന്നുണ്ടെന്ന് ഉറപ്പുവരുത്തണമെന്നും പ്രണബ് മുഖര്‍ജി ആവശ്യപ്പെട്ടു.

നിയമസഭയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. നിയമസഭയില്‍ മോശം ഭാഷ ഉപയോഗിക്കുന്നതും സഭാനടപടികള്‍ തടസ്സപ്പെടുത്തുന്നതും ശരിയല്ല. അത് ജനങ്ങളില്‍ അവമതിപ്പുണ്ടാക്കാന്‍ ഇടയാക്കും. ബില്ലുകളില്‍ ആവശ്യമായ ചര്‍ച്ചകള്‍ നടക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണം - രാഷ്ട്രപതി പറഞ്ഞു.

രണ്ടാം കേരള മോഡലിന് സമയമായിരിക്കുകയാണെന്നും രാഷ്ട്രപതി പറഞ്ഞു. നേരത്തേ, യൂണിവേഴ്സിറ്റി സെനറ്റ്‌ ഹാളില്‍ വിശ്വമലയാള മഹോത്സവം അദ്ദേഹം ഉദ്ഘാടനം ചെയ്തിരുന്നു. ഭാവി തലമുറയ്ക്കായി മലയാള ഭാഷയെ പരിപോഷിക്കാന്‍ ആധുനിക മാര്‍ഗങ്ങള്‍ സ്വീകരിക്കണമെന്ന് പ്രണബ് പറഞ്ഞു. വിശ്വമലയാള മഹോത്സവം കാലാനുസൃതമായ നടപടിയാണെന്നും അദ്ദേഹം പറഞ്ഞു.

മലയാളത്തിന്‌ ശ്രേഷ്ഠഭാഷാ പദവി എത്രയും വേഗം ലഭിക്കുമെന്നാണ് പ്രതീക്ഷയെന്ന് ചടങ്ങില്‍ പങ്കെടുത്ത മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. വിവര സാങ്കേതിക വിദ്യയുടെ കടന്നുകയറ്റം ലോകമെമ്പാടുമുള്ള പ്രാദേശിക ഭാഷകളുടെ നിലനില്‍പിന്‌ വെല്ലുവിളിയാകുന്നുണ്ടെന്ന്‌ അദ്ദേഹം പറഞ്ഞു.

മലയാള ഭാഷ നേരിടുന്ന ചില വെല്ലുവിളികള്‍ക്കുള്ള പരിഹാരമായാണ്‌ വിശ്വമലയാള മഹോത്സവം സംഘടിപ്പിച്ചത്‌. മലയാളത്തില്‍ നിന്നും അടര്‍ന്നുമാറിയാണ്‌ പുതുതലമുറ വളര്‍ന്നുവരുന്നത്‌. ഭാഷയിലും സംസ്കാരത്തിലും ഊന്നിയുള്ള പഠനത്തിനും ഗവേഷണത്തിനുമുള്ള സൗകര്യമൊരുക്കാനാണ്‌ മലയാള സര്‍വകലാശാല രൂപീകരിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. വിശ്വമലയാള മഹോത്സവം ഒരു തുടര്‍പ്രക്രിയയാക്കി മാറ്റാനാണ്‌ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ജ്ഞാനപീഠജേതാക്കളായ എം ടി വാസുദേവന്‍ നായരുടെയും ഒ എന്‍ വി കുറുപ്പിന്‍റെയും സാന്നിധ്യത്തിലാണ് രാഷ്ട്രപതി വിശ്വമലയാള മഹോത്സവം ഉദ്ഘാടനം ചെയ്തത്. എന്നാല്‍ എം ടിക്കും ഒ എന്‍ വിക്കും ചടങ്ങില്‍ സംസാരിക്കാന്‍ അവസരം ലഭിക്കാതിരുന്നത് കല്ലുകടിയായി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :