വെല്ലൂരില്‍ ചികിത്സയില്‍ കഴിയുന്ന നടന്‍ ജഗതി ശ്രീകുമാറിനെ സന്ദര്‍ശിക്കാന്‍ മകള്‍ ശ്രീലക്ഷ്മിക്കും അമ്മ ശശികലയ്ക്കും അനുമതി നല്‍കിയില്ലെന്ന് പരാതി. വെല്ലൂരില്‍ എത്തിയ തങ്ങള്‍ ജഗതിയെ കാണുന്നത് അദ്ദേഹത്തിന്റെ മക്കളായ പാര്‍വതിയും രാജ്കുമാറും വിലക്കി എന്ന് ശ്രീലക്ഷ്മി മാധ്യമങ്ങളോട് പറഞ്ഞു.
ഹൈക്കോടതിയുടെ അനുവാദത്തോടെയാണ് തങ്ങള്‍ എത്തിയത് എന്നും എന്നാല്‍ ഒരു മാസത്തേക്ക് ജഗതിയെ കാണാന്‍ പാടില്ല എന്നാണ് മക്കള്‍ പറഞ്ഞതെന്നും ശ്രീലക്ഷ്മി പറഞ്ഞു. ഇതിന്റെ കാരണം എന്തെന്ന് വ്യക്തമാകുന്നില്ലെന്നും ശ്രീലക്ഷ്മി പറഞ്ഞു.
ജഗതിയെ സന്ദര്‍ശിക്കാന്‍ മക്കള്‍ അനുവദിക്കുന്നില്ലെന്ന് കാണിച്ച് ശ്രീലക്ഷ്മി നേരത്തെ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. തുടര്‍ന്ന് കോടതി ഇവര്‍ക്ക് സന്ദര്‍ശനാനുമതി നല്‍കി. ഡോക്ടര്‍മാരുടെ സാന്നിധ്യത്തിലായിരിക്കണം സന്ദര്‍ശനം. ജഗതിയുടെ മക്കളായ പാര്‍വതിയും രാജ്കുമാറും ശ്രീലക്ഷ്മിയുടെ സന്ദര്‍ശനം തടയില്ലെന്നും കോടതി വ്യക്തമാക്കിയിരുന്നു.
ശ്രീലക്ഷ്മി മകളാണെന്നും വിദ്യാഭ്യാസമുള്‍പ്പെടെയുള്ള കാര്യങ്ങള്‍ താനാണ് നോക്കുന്നതെന്നും ഒരു വാരികയില്‍ നല്‍കിയ അഭിമുഖത്തില്‍ ജഗതി മുന്‍പ് വെളിപ്പെടുത്തിയിരുന്നു. ശ്രീലക്ഷ്മി ദത്തുപുത്രിയാണെന്ന് പിന്നീട് വെളിപ്പെടുത്തല്‍ ഉണ്ടായി. തങ്ങളെ ഇരുപതു വര്‍ഷമായി സംരക്ഷിക്കുന്നതു ജഗതി ശ്രീകുമാറാണെന്നും, കോഴിക്കോട്ടെ ആശുപത്രിയില്‍ അദ്ദേഹത്തെ മുന്‍പ് സന്ദര്‍ശിച്ചെന്നും ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ ശ്രീലക്ഷ്മി പറഞ്ഞിരുന്നു.
2012 മാര്‍ച്ചില്‍ ആണ് ജഗതിയ്ക്ക് കാര്‍ അപകടത്തില്‍ ഗുരുതരമായി പരുക്കേറ്റത്. അപകടവാര്‍ത്തയറിഞ്ഞ് ശശികലയും ശ്രീലക്ഷ്മിയും ജഗതി ശ്രീകുമാറിനെ കോഴിക്കോട് മിംസ് ആശുപത്രിയില്‍ സന്ദര്‍ശിക്കുകയും ചെയ്തിരുന്നു.