നാട്ടിലെ പെട്ടിക്കടകള്‍ വരെ കമ്പ്യൂട്ടര്‍വത്കരണം നടത്തുമ്പോള്‍ പിന്നെ മാന്യസ്ഥാനമുള്ള റേഷന്‍ കടകള്‍ക്കെന്താ കമ്പ്യൂട്ടര്‍ വേണ്ടേ? എന്തായാലും റേഷന്‍ കടകളും കമ്പ്യൂട്ടര്‍വത്കരണത്തിനു തയ്യാറെടുക്കുന്നു.
പുതുവര്‍ഷപിറവി ദിനമായ ചിങ്ങം ഒന്നിനാണു തലസ്ഥാന നഗരിയിലെ ആറു റേഷന്‍ കടകളില്‍ തുടക്കമെന്നോണം കമ്പ്യൂട്ടര്‍ വത്കരണം ഏര്‍പ്പെടുത്തുന്നത്. റേഷന്‍ മൊത്തവ്യാപാരി സംഘടനകളും ഭക്‍ഷ്യവകുപ്പ് മന്ത്രി അനൂപ് ജേക്കബും തമ്മില്‍ നടന്ന ചര്‍ച്ചകളിലാണ് ഇത് സംബന്ധിച്ച തീരുമാനമായത്.
അഡീഷണല്‍ ചീഫ് സെക്രട്ടറി നിവേദിത പി ഹരന്‍ കമ്പ്യൂട്ടര്‍വത്കരണം സംബന്ധിച്ച പൂര്‍ണ്ണ റിപ്പോര്‍ട്ട് ഉടന്‍ തന്നെ സമര്‍പ്പിക്കും. ഇതനുസരിച്ച് കമ്പ്യൂട്ടര്‍വത്കരണത്തില്‍ എന്തെങ്കിലും മാറ്റങ്ങള്‍ ആവശ്യമാണെങ്കില്‍ അതും വരുത്തും.
ബറയോ മെട്രിക് കാര്‍ഡ്, റേഷന്‍ കാര്‍ഡ്, ബയോ മെട്രിക് കം റേഷന്‍ കാര്‍ഡ് എന്നിങ്ങനെ മൂന്നു രീതിയില്‍ ഈ സംവിധാനം പരീക്ഷിക്കും. ഏതാണു കൂടുതല്‍ മെച്ചമെന്ന് കണ്ട് പിന്നീട് ആ സംവിധാനം ഉപയോഗത്തിലാക്കും.
സംസ്ഥാനത്തൊട്ടാകെ ഈ സംവിധാനം നടപ്പാക്കും മുമ്പ് പൊതുജനത്തില്‍ നിന്ന് ഇത് സംബന്ധിച്ച അഭിപ്രായം പരിഗണിക്കാനും ഉദ്ദേശമുണ്ട്.