കേരളവും തമിഴ്‌നാടും തമ്മില്‍ നിലനില്‍ക്കുന്ന നദീജല തര്‍ക്കങ്ങള്‍ സംബന്ധിച്ച സുപ്രധാന വിവരങ്ങള്‍ സെക്രട്ടേറിയറ്റില്‍ നിന്ന് ചോര്‍ത്തിയ സംഭവം അതീവ ഗൌരവത്തോടെയാണ് കാണുന്നതെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ഇത്തരം വിഷയങ്ങള്‍ കൂടുതല്‍ ജാഗ്രതയോടെ കൈകാര്യം ചെയ്യണം. വിഷയത്തില്‍ കൂടുതലായി അന്വേഷണം നടക്കുന്നുണ്ട്. ചാരപ്പണിയില്‍ തമിഴ്നാട് പബ്ലിക് റിലേഷന്‍സ് വകുപ്പിലെ മലയാളി ഉദ്യോഗസ്ഥനെ സഹായിക്കുന്ന ഉദ്യോഗസ്ഥര്‍ സംസ്ഥാന സെക്രട്ടേറിയറ്റില്‍ ഉണ്ടെങ്കില്‍ ശക്തമായ നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു.
സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടത്തുമെന്ന് ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ അറിയിച്ചു. സംഭവത്തേക്കുറിച്ച് ഇന്‍റലിജന്‍സ് കൂടുതല്‍ അന്വേഷണം നടത്തിവരികയാണെന്നും ഈ സംഭവത്തില്‍ ഉള്‍പ്പെട്ടവര്‍ക്കെതിരെ ശക്തമായ നടപടിയെടുക്കുമെന്നും തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു.
മലയാളി ചാരന്‍ തന്നെയാണ് വിവരങ്ങള്‍ തമിഴ്നാടിന് ചോര്‍ത്തി നല്‍കുന്നത് എന്നാണ് വിവരം ലഭിച്ചിരിക്കുന്നത്. തമിഴ്‌നാട് പബ്ലിക് റിലേഷന്‍സ് വകുപ്പിലെ ഉദ്യോഗസ്ഥനായ മലയാളി ഉണ്ണികൃഷ്ണനാണ് വിവരങ്ങള്‍ ചോര്‍ത്തുന്നതെന്ന് ഇന്റലിജന്‍സ് കണ്ടെത്തി.
ഈയിടെ പറമ്പിക്കുളം-ആളിയാര്‍ കരാര്‍ സംബന്ധിച്ച് കേരളം തയ്യാറാക്കുന്ന റിപ്പോര്‍ട്ട് ചോര്‍ത്താനായി ഉണ്ണികൃഷ്ണന്‍ ശ്രമിച്ചിരുന്നു. വിജിലന്‍സ് വിഭാഗത്തില്‍ നിന്നെന്ന വ്യാജേനയാണ് ഇയാള്‍ എത്തിയത്. ഇതില്‍ സംശയം തോന്നി ഇയാളുടെ ഫോണ്‍ വിളികള്‍ കേന്ദ്രീകരിച്ച് ഇന്റലിജന്‍സ് നടത്തിയ അന്വേഷണത്തിനൊടുവിലാണ് സത്യം പുറത്തുവന്നത്.
കേരളത്തിലെ മന്ത്രിമാരുമായും അവരുടെ പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങളുമായും അടുത്ത ബന്ധമാണ് ഉണ്ണികൃഷ്ണന് ഉള്ളത്. ഈ സ്വാധീനം ഉപയോഗിച്ച് എവിടെയും കടന്നുചെല്ലാം. വിവരങ്ങള്‍ ചോര്‍ത്തി നല്‍കുന്ന ഉദ്യോഗസ്ഥര്‍ക്ക് ഇയാള്‍ തമിഴ്നാട്ടില്‍ ഉല്ലാസയാത്രയും മറ്റും തരപ്പെടുത്തികൊടുക്കാറാണ് പതിവ്. മന്ത്രിയായിരുന്ന കെ ബി ഗണേഷ്കുമാറും മന്ത്രി അനൂപ് ജേക്കബും ഈയിടെ തമിഴ്നാട്ടില്‍ എത്തിയപ്പോള്‍ അവര്‍ക്ക് വേണ്ട സൌകര്യങ്ങള്‍ ഒരുക്കിയത് ഉണ്ണികൃഷ്ണനായിരുന്നു.
കഴിഞ്ഞ 22 വര്‍ഷമായി നദീജലതര്‍ക്കങ്ങളില്‍ കേരളത്തിന് തിരിച്ചടി മാത്രം ഉണ്ടാകുന്നത് ഈ ചാരപ്പണി കാരണം തന്നെയാണെന്നാണ് കണ്ടെത്തല്‍. ഉണ്ണികൃഷ്ണനെ സെക്രട്ടേറിയറ്റില്‍ കയറ്റരുതെന്ന് ഇന്റലിജന്‍സ് മുഖ്യമന്ത്രിയോട് ശുപാര്‍ശ ചെയ്തു.