തിരുവനന്തപുരം|
JOYS JOY|
Last Modified വെള്ളി, 6 മാര്‍ച്ച് 2015 (08:39 IST)
ചന്ദ്രബോസ് വധക്കേസ് അന്വേഷണം അട്ടിമറിക്കാന്‍ ഡി ജി പി ശ്രമിക്കുന്നുവെന്ന് ആരോപിച്ച സര്‍ക്കാര്‍ ചീഫ് വിപ്പ് പി സി ജോര്‍ജ് ആരോപണം സാധൂകരിക്കുന്ന തെളിവുകള്‍ മുഖ്യമന്ത്രിക്ക് കൈമാറി. വ്യാഴാഴ്ച രാത്രിയാണ് തെളിവുകള്‍ കൈമാറിയത്. വെള്ളിയാഴ്ച ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയ്ക്കും തെളിവുകള്‍ അടങ്ങിയ സി ഡി പി സി ജോര്‍ജ് കൈമാറും.
ചന്ദ്രബോസിനെ കൊലപ്പെടുത്തിയ വിവാദവ്യവസായി മുഹമ്മദ് നിസാമിന്റെ ഭാര്യ അമലിനെ ചോദ്യം ചെയ്യണമെന്നും പി സി ജോര്‍ജ് ആവശ്യപ്പെട്ടു. ചന്ദ്രബോസ് വധക്കേസ് അന്വേഷണം അട്ടിമറിക്കാന്‍ ഡി ജി പി കെ എസ് ബാലസുബ്രഹ്‌മണ്യം ശ്രമിച്ചതായി പി സി ജോര്‍ജ് ആരോപിച്ചിരുന്നു. തൃശൂര്‍ എസ് പിയായിരുന്ന ജേക്കബ് ജോബിനെ മാറ്റിയത് ഡി ജി പിയുടെ സമ്മര്‍ദ്ദം മൂലമായിരുന്നെന്നും ചീഫ് വിപ്പ് ആരോപിച്ചിരുന്നു. ഇതിനുള്ള തെളിവുകള്‍ തന്റെ കൈയില്‍ ഉണ്ടെന്നു പറഞ്ഞ പി സി ജോര്‍ജ് തെളിവുകളുടെ ശബ്‌ദരേഖയടങ്ങിയ സി ഡി മാധ്യമപ്രവര്‍ത്തകര്‍ക്ക് മുന്നില്‍ കാണിക്കുകയും ചെയ്തിരുന്നു.
അതേസമയം, ചന്ദ്രബോസ് വധക്കേസ് അന്വേഷണവുമായി ബന്ധപ്പെട്ട് ഡി ജി പിയില്‍ തനിക്ക് പൂര്‍ണ വിശ്വാസമാണെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല വ്യക്തമാക്കിയിരുന്നു. പി സി ജോര്‍ജ് തെളിവുകള്‍ നല്കുകയാണെങ്കില്‍ പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഇതുവരെ ഒരു ആരോപണവും കേട്ടിട്ടില്ലാത്ത ആളാണ് ഡി ജി പി. കേസിന്റെ അന്വേഷണം ശരിയായ ദിശയിലാണ് നീങ്ങുന്നതെന്നും അദ്ദേഹം പറഞ്ഞു.