തിരുവനന്തപുരം|
JOYS JOY|
Last Updated:
വ്യാഴം, 5 മാര്‍ച്ച് 2015 (12:06 IST)
ചന്ദ്രബോസ് വധക്കേസില്‍ വിവാദവ്യവസായി മുഹമ്മദ് നിസാമിന് ജാമ്യം അനുവദിച്ചാല്‍ അപ്പോള്‍
കാപ്പ ചുമത്തുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കാപ്പ എന്നതു കൊണ്ട് ഉദ്ദേശിക്കുന്നത് കരുതല്‍ തടങ്കലാണ്. നിസാം ഇപ്പോഴും പൊലീസ് തടങ്കലിലാണ്. നിസാമിന് ജാമ്യം അനുവദിക്കുകയാണെങ്കില്‍ ആ നിമിഷം കാപ്പ ചുമത്തുമെന്നും ആഭ്യന്തരമന്ത്രി വ്യക്തമാക്കി.
രാവിലെ, ഡി ജി പിക്കെതിരെ സര്‍ക്കാര്‍ ചീഫ് വിപ്പ് പി സി ജോര്‍ജ് ഉയര്‍ത്തിയ ആരോപണങ്ങള്‍ ആഭ്യന്തരമന്ത്രി നിഷേധിച്ചു.
ഡി ജി പിയില്‍ സംസ്ഥാന സര്‍ക്കാരിന് പൂര്‍ണ്ണവിശ്വാസമാണ്. മറിച്ച് എന്തെങ്കിലും തെളിയിക്കാന്‍ പി സി ജോര്‍ജിന് ഉണ്ടെങ്കില്‍ അദ്ദേഹം തെളിവുകള്‍ കൈമാറുമ്പോള്‍ പരിശോധിക്കുമെന്നും ആഭ്യന്തരമന്ത്രി പറഞ്ഞു.
ഡി ജി പിയില്‍ സര്‍ക്കാരിന് പൂര്‍ണ വിശ്വാസമാണ്. ഡി ജി പി ബാലസുബ്രഹ്‌മണ്യം ഒരു കാരണവശാലും ഈ കേസില്‍ ഇടപെട്ടിട്ടില്ല. ഡി ജി പി തൃശൂരില്‍ പോകുന്ന കാര്യം താന്‍ തന്നെയാണ് വാര്‍ത്താസമ്മേളനം വിളിച്ചപ്പോള്‍ പറഞ്ഞത്.
പ്രതിയെ രക്ഷപ്പെടുത്താന്‍ വേണ്ടി ഇടപെട്ടിട്ടില്ലെന്ന് ബാലസുബ്രഹ്‌മണ്യം പറഞ്ഞിട്ടുണ്ട്. അദ്ദേഹത്തില്‍ പൂര്‍ണ വിശ്വാസമുണ്ടെന്നും ആഭ്യന്തമന്ത്രി പറഞ്ഞു.
ജേക്കബ് ജോബിന്റെ സസ്പെന്‍ഷന്‍ നിയമാനുസൃതമായി ചെയ്തതാണ്. പ്രതിക്ക് പരമാവധി ശിക്ഷ വാങ്ങിക്കൊടുക്കുക എന്നുള്ളത് സര്‍ക്കാരിന്റെ ഉത്തരവാദിത്തമാണ്. കേസില്‍ എത്രയും പെട്ടെന്ന് കുറ്റപത്രം സമര്‍പ്പിക്കാനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്.
കേസന്വേഷണം ശരിയായ രീതിയിലാണ് മുന്നോട്ട് പോകുന്നത്. പ്രതിക്ക് പരമാവധി ശിക്ഷം ലഭിക്കും. ചന്ദ്രബോസ് വധക്കേസ് അന്വേഷണവുമായി ബന്ധപ്പെട്ട് പൊലീസില്‍ ചേരിതിരിവില്ലെന്നും മാധ്യമങ്ങളില്‍ ചേരി തിരിവുണ്ടോ എന്ന് തനിക്ക് സംശയമുണ്ടെന്നും ചെന്നിത്തല പറഞ്ഞു.
ബജറ്റ് അവതരിപ്പിക്കാന്‍ അനുവദിക്കില്ലെന്ന പ്രതിപക്ഷത്തിന്റെ നിലപാടിനെ മന്ത്രി തള്ളി. പ്രതിപക്ഷം അത്തരം നിലപാടുകള്‍ ഉപേക്ഷിക്കുമെന്നാണ് കരുതുന്നത്. നിയമസഭയില്‍ ചോരപ്പുഴയല്ല ഒഴുക്കേണ്ടത്. ഭൂരിപക്ഷമുള്ള സര്‍ക്കാര്‍ ബജറ്റ് അവതരിപ്പിക്കുന്നതാണെന്നും ചെന്നിത്തല പറഞ്ഞു.