ഗൌരിയമ്മയ്ക്കെതിരെ മോശം പരാമര്‍ശം; പി സി ജോര്‍ജ് പ്രകടിപ്പിച്ചു
കോട്ടയം|
WEBDUNIA|
PRO
കെ ആര്‍ ഗൗരിയമ്മയ്ക്കും ടി വി തോമസിനുമെതിരേ മോശം പരാമര്‍ശം നടത്തിയ സര്‍ക്കാര്‍ ചീഫ് വിപ്പ് പി സി ജോര്‍ജ് ഖേദം പ്രകടിപ്പിച്ചു.
ബജറ്റ് സമ്മേളനത്തിന് മുന്നോടിയായി സ്പീക്കര്‍ ജി കാര്‍ത്തികേയന്‍ വിളിച്ചുചേര്‍ത്ത യോഗത്തിലാണ് ജോര്‍ജ് ഖേദപ്രകടനം നടത്തിയത്.
തന്റെ വീട്ടില്‍ സ്വകാര്യമായി സംസാരിച്ച കാര്യം വാര്‍ത്തയാക്കിയ മാധ്യമപ്രവര്‍ത്തകരുടെ നടപടി മര്യാദകേടാണെന്നും അദ്ദേഹം പ്രതികരിച്ചു. തന്നെക്കുറിച്ചു ഗൗരിയമ്മ നടത്തിയ അടിസ്ഥാനരഹിതമായ ആരോപണത്തില്‍ മനംനൊന്താണു പ്രതികരിച്ചതെന്നു ജോര്‍ജ് കൂട്ടിച്ചേര്‍ത്തു.
യോഗത്തില്‍ സി ദിവാകരനാണ് ജോര്‍ജിന്റെ പരാമര്‍ശം ഉന്നയിച്ചത്. തുടര്‍ന്നുണ്ടായ ചര്‍ച്ച ബഹളമാവുകയും പി സി ജോര്‍ജ് പരസ്യമായി ഖേദം പ്രകടിപ്പിക്കുകയും ചെയ്യുകയായിരുന്നു.
സ്വകാര്യ സംഭാഷണത്തില്‍ താന്‍ തമാശയായി പറഞ്ഞകാര്യം ഒരു ചാനല്‍ വാര്‍ത്തയാക്കിയതാണ് വിവാദം ഉണ്ടാക്കിയതെന്ന് കക്ഷി നേതാക്കളുടെ യോഗത്തിനുശേഷം പി സി ജോര്‍ജ് മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.
അപകീര്‍ത്തിപ്പെടുത്തുന്ന ആരോപണങ്ങള്‍ ഉന്നയിച്ച ഏഴുപേര്‍ക്കെതിരെ 10 കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ട് വക്കീല്‍ നോട്ടീസ് അയച്ചതായും അദ്ദേഹം അറിയിച്ചു. കെ ആര്‍ ഗൗരിയമ്മ, ലോനപ്പന്‍ നമ്പാടന്‍, റിപ്പോര്‍ട്ടര്‍ ചാനല്‍, ചാനല്‍ എഡിറ്റര്‍ എം വി നികേഷ് കുമാര്‍, സീനിയര്‍ റിപ്പോര്‍ട്ടര്‍ എം എസ് അനീഷ് കുമാര്‍, തൊടുപുഴ വേലന്‍കുന്നേല്‍ വിന്‍സെന്‍റ് അഗസ്റ്റിന്‍, സഹോദരന്‍ ജോയി അഗസ്റ്റിന്‍ എന്നിവര്‍ക്കെതിരെയാണ് നോട്ടീസ് അയച്ചത്.